കാട്ടാനയെ തുരത്തുന്നതിനിടയിൽ പടക്കംപൊട്ടി വാച്ചർക്ക് പരിക്ക്
Tuesday 20 January 2026 3:00 AM IST
ചേലക്കര: ചേലക്കര ചിറങ്ങോണത്ത് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കെെയിലിരുന്ന പടക്കംപൊട്ടി വനംവകുപ്പ് വാച്ചർക്ക് ഗുരുതര പരിക്ക്. മച്ചാട് റെയ്ഞ്ചിന് കീഴിലെ വാഴാനി വനംസ്റ്റേഷൻ പരിധിയിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. അകമല ആർ.ആർ.ടി വിഭാഗത്തിലെ എൻ.എം.ആർ വാച്ചർ ചാക്കോയ്ക്കാണ് പരിക്കേറ്റത്. ഇടതു കൈപ്പത്തിക്കും വിരലുകൾക്കും പരിക്കേറ്റ ചാക്കോയെ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായതിനാൽ രാത്രികാല പട്രോളിംഗിന് എത്തിയതായിരുന്നു സംഘം.