വി.സി നിയമനത്തിന് അപേക്ഷ ക്ഷണിക്കാൻ ഗവർണർക്കാവുമോ?
Tuesday 20 January 2026 3:11 AM IST
കൊച്ചി: കാലിക്കറ്റ് സർവകലാശാല വി.സി നിയമനത്തിന് അപേക്ഷ ക്ഷണിക്കാൻ ചാൻസലർക്ക് നിയമപരമായി അധികാരമുണ്ടോയെന്ന് ഹൈക്കോടതി. സർക്കാരിനാണ് ഇതിനുള്ള അവകാശമെന്ന അഡ്വക്കേറ്റ് ജനറലിന്റെ വാദത്തിന് അനുകൂലമായ നിലപാട് പ്രഥമദൃഷ്ട്യാ കോടതി സ്വീകരിച്ചപ്പോൾ ചാൻസലറുടെ അഭിഭാഷകൻ എതിർത്തു. സെർച്ച് കമ്മിറ്റി രൂപീകരിക്കാനും വി.സിയെ നിയമിക്കാനും അധികാരമുണ്ടാകാമെങ്കിലും നിയമനത്തിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമിറക്കാൻ ചാൻസലർക്കാവില്ലെന്ന് കോടതി വാക്കാൽ പറഞ്ഞു.
കൂടുതൽ വാദത്തിനായി കേസ് 27ലേക്ക് മാറ്റി. വി.സിയെ നിയമിക്കാൻ ചാൻസലർ കൂടിയായ ഗവർണർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജിയിലെ തീർപ്പിന് വിധേയമായി അപേക്ഷകൾ സ്വീകരിക്കാൻ ഇടക്കാല ഉത്തരവിലൂടെ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.