കുടുംബശ്രീയുടെ ‘മീറ്റ് പോയിന്റ് ’ ടേക്ക് എവേ കൗണ്ടറുകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സ്വാദിഷ്ഠമായ ചിക്കൻ വിഭവങ്ങളും ലഘുഭക്ഷണങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനായി ‘മീറ്റ് പോയിന്റ് ’ ടേക്ക് എവേ കൗണ്ടറുകളുമായി കുടുംബശ്രീ. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നുച്ചയ്ക്ക് 1.30-ന് തിരുവനന്തപുരം മുളവന ജംഗ്ഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി നിർവഹിക്കും. കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ചടങ്ങിൽ പങ്കെടുക്കും.
വൈവിദ്ധ്യമാർന്ന വിഭവങ്ങൾ
പ്രഭാത, രാത്രി ഭക്ഷണത്തിനു പുറമെബ്രോസ്റ്റഡ് ചിക്കൻ, ചിക്കൻ നഗ്ഗെറ്റ്സ്, കബാബ്, മോമോസ്, സമൂസ, ചിക്കൻ 65, ലോലിപോപ്, മീറ്റ് ബോൾസ് തുടങ്ങിയ വിഭവങ്ങൾ ഇനി കുടുംബശ്രീ കൗണ്ടറുകളിലൂടെ ലഭിക്കും.
സ്ഥിര വരുമാനം ലക്ഷ്യം
കുടുംബശ്രീ കഫേ/കാന്റീൻ യൂണിറ്റുകൾക്ക് സ്ഥിരവരുമാന മാർഗം ഒരുക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ സംസ്ഥാനത്തൊട്ടാകെ 50 കൗണ്ടറുകളാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇരുനൂറിലേറെ വനിതകൾക്ക് സുസ്ഥിരമായ തൊഴിലും വരുമാനവും ലഭിക്കും. മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയുമായി സഹകരിച്ച് റെസിപ്പി തയ്യാറാക്കൽ, പാക്കിംഗ്, മാർക്കറ്റിംഗ് എന്നിവയിൽ യൂണിറ്റ് അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
ജില്ലയിൽ നാലു കൗണ്ടർ
ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ മാത്രം നാല് കൗണ്ടറുകൾ പ്രവർത്തനം ആരംഭിക്കും. സംരംഭം തുടങ്ങാൻ താല്പര്യമുള്ള അയൽക്കൂട്ട/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് അതത് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സാമ്പത്തിക പിന്തുണയും പരിശീലനവും കുടുംബശ്രീ ഉറപ്പാക്കും.