ഉയരങ്ങൾ കീഴടക്കി ആനന്ദ കൊടുമുടിയിൽ അനിൽ
തിരുവനന്തപുരം: ഉയരങ്ങൾ കീഴക്കുന്നതാണ് ബാങ്ക് ഉദ്യോഗസ്ഥനായ അനിലിന് ആനന്ദം. തെക്ക് അഗസ്ത്യാർകൂടം മുതൽ തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ അകൊൻകാഗ്വാ വരെ നാലു വർഷത്തിനിടെ കീഴടക്കിയത് 27,955 മീറ്റർ ഉയരം. അടങ്ങാത്ത അഭിനിവേശവുമായി യാത്ര തുടരുന്ന ഈ 50കാരന് താണ്ടാനുള്ള ഉയരങ്ങൾക്ക് അതിരില്ല.
കുട്ടിക്കാലം മുതൽ പർവതങ്ങൾ കീഴടക്കണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. മാതാപിതാക്കളായ എം.അച്യുതൻ നായരോടും പത്മയോടും ഇത് പങ്കുവച്ചിരുന്നു. വർഷങ്ങൾക്കുശേഷം 2022ൽ സുഹൃത്തുക്കൾക്കൊപ്പം നടത്തിയ അഗസ്ത്യാർകൂടം യാത്രയോടെ ആഗ്രഹം ശക്തമായി. തുടർന്ന് 2023 ഏപ്രിലിൽ നേപ്പാളിലെ ലൂക്ലയിൽ നിന്ന് 9 ദിവസത്തെ ദുർഘടമായ യാത്രയ്ക്കു ശേഷം 5,364 മീറ്റർ ദൂരം താണ്ടി ഹിമാലയത്തിലെ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി. അവിടെ വച്ചാണ് ഏഴു ഭൂഖണ്ഡങ്ങളിലെയും ഉയരമുള്ള പർവതങ്ങൾ കീഴടക്കണമെന്ന് തീരുമാനിച്ചത്. മാസങ്ങൾക്കുള്ളിൽ ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ താണ്ടി.
യൂറോപ്പിലെ മൗണ്ട് എൽബ്രസായിരുന്നു അടുത്ത ലക്ഷ്യം. തുടർന്ന് അകൊൻകാഗ്വായും സാഹസികമായി കീഴടക്കി. 21ദിവസമെടുത്താണ് ഈ ദൗത്യം പൂർത്തിയാക്കിയത്. ഡിസംബറിൽ ഓസ്‌ട്രേലിയയിലെ മൗണ്ട് ഹുസിയോസ്‌കയും കയറി. അന്റാർട്ടിക്കയിലെ വിൺസൺ, വടക്കേ അമേരിക്കയിലെ ദേനാലി, എവറസ്റ്റ് ഇങ്ങനെയാണ് അനിൽ ലക്ഷ്യമിടുന്ന തുടർയാത്രകൾ.
തിരുവനന്തപുരം ഈഞ്ചയ്ക്കൽ സ്വദേശിയായ അനിൽകുമാർ കണ്ണങ്ങൽ ഇന്ത്യൻ എയർഫോഴ്സിൽ 20 വർഷം ഉദ്യോഗസ്ഥനായിരുന്നു. 2014ൽ വിരമിച്ച ശേഷം കനറ ബാങ്കിന്റെ തിരുവനന്തപുരം ബ്രഹ്മോസ് ശാഖയിൽ ജീവനക്കാരനായി. ഇതിനിടെ സൈക്ലിംഗിലും മാരത്തണിലും തത്പരനായി.
ഓരോ യാത്രയ്ക്കും
ചെലവ് ആറുലക്ഷം
ഓരോ യാത്രയ്ക്കും ചുരുങ്ങിയത് ആറുലക്ഷം വരെയാണ് ചെലവ്. കുടുംബവും സുഹൃത്തുക്കളും പിന്തുണയുമായി ഒപ്പമുണ്ട്. യാത്രകൾക്കു മുമ്പ് ശാരീരികമായും മാനസികമായും മാസങ്ങൾ നീണ്ട തയ്യാറെടുപ്പ്. കാലാവസ്ഥയുമായി പൊരുത്തപ്പെടുകയാണ് പ്രധാനം. ടെന്റുകളിലും സ്ലീപ്പിംഗ് ബാഗുകളിലുമായിരിക്കും ഉറക്കം. ഭക്ഷണത്തിനും നിയന്ത്രണമുണ്ടാകും. അദ്ധ്യാപികയായ എസ്.വി.സ്മിതയാണ് ഭാര്യ. സഞ്ജയ്, ദേവിക എന്നിവർ മക്കളാണ്.