കാലിലെ പരിക്ക്: തെറ്റിക്കൊമ്പന്റെ ആരോഗ്യനിലയിൽ ആശങ്ക
വടക്കാഞ്ചേരി: വാഴാനി ഡാം റിസർവോയറിന് സമീപം ചാരായക്കുണ്ട് മേഖലയിൽ മുൻ കാലിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ തെറ്റിക്കൊമ്പന്റെ ആരോഗ്യനിലയിൽ ആശങ്ക. ഇടതുകാലിൽ നിന്ന് പഴുപ്പ് ഒഴുകി അവശനിലയിലായ കൊമ്പന് നടക്കാനും തീറ്റയെടുക്കാനുമാകുന്നില്ല. വേദന അസഹനീയമാകുമ്പോൾ ജലാശയത്തിലിറങ്ങി മുങ്ങിക്കയറുകയാണ്. മദപ്പാടുണ്ടെന്നും സംശയിക്കുന്നു. കൂട്ടാനകളുടെ കുത്തേറ്റാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. വാഴാനി ഡാം കെട്ടിന് സമീപത്തു നിന്ന് ഒന്നര കിലോമീറ്ററോളം ദൂരെ പീച്ചി വന്യജീവി സങ്കേതത്തിന്റെ പരിധിയിലാണ് ആന നിൽക്കുന്നത്. ജലാശയത്തിലൂടെ സഞ്ചരിച്ച് വേണം ഇവിടെയെത്താൻ. ചികിത്സയ്ക്കായി ആനയെ മയക്കുവെടി വച്ച് പിടികൂടേണ്ടി വരും. ഇന്ന് വെറ്ററിനറി സർജൻ കോടനാട് നിന്നുള്ള ഡോ. ബിനോയ് സ്ഥലത്തെത്തി പരിശോധന നടത്തും.
കൊമ്പന്റെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാൻ പീച്ചി വന്യജീവി സങ്കേതത്തിലെ അസി. വൈൽഡ് ലൈഫ് വാർഡൻ ടി.എൻ.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടവഞ്ചിയിൽ ചാരായക്കുണ്ടിലെത്തി. വനപാലകരായ എൻ.എ.ബാബു, കെ.എസ്.ബിനു, ജെ.എസ്.ജോമോൻ, കെ.ആർ.ജിനോ എന്നിവരും സംഘത്തിലുണ്ടായിരുന്നു.