കേരളത്തിലെ ഈ ജില്ലയിൽ വൻ വികസന കുതിപ്പ്, 15 ഏക്കറിൽ ഒരുങ്ങുന്നു മാരിടൈം ഹബ്ബ്

Tuesday 20 January 2026 3:37 AM IST

കൊല്ലം: നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ മാരിടൈം എഡ്യുക്കേഷൻ ആൻഡ് എഡ്യുട്ടെയ്ൻമെന്റ് ഹബ്ബ് സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. വിവിധ സ്ഥാപനങ്ങളുടെ കൺസോർഷ്യം സമർപ്പിച്ച ടെണ്ടർ കേരള മാരിടൈം ബോർഡ് അംഗീകരിച്ച് സർക്കാരിന്റെ അനുമതിക്കായി കൈമാറി. അനുമതി ലഭിച്ചാലുടൻ ധാരണാപത്രം ഒപ്പിടും.

ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിന്റെ അനുമതിയുള്ള കോഴ്സുകളും അന്താരാഷ്ട്ര മാരിടൈം കോഴ്സുകളും ഇവി​ടെ നടക്കും. ഇവി​ടെയുള്ള വാർഫ് പ്രയോജനപ്പെടുത്തി കടലിലേക്കുള്ള ക്രൂയീസ് സർവീസും അഷ്ടമുടിക്കായലിലേക്ക് വിനോദ ബോട്ട് സർവ്വീസും ആരംഭിക്കും. മാരിടൈം വിദ്യാഭ്യാസ രംഗത്തെ പ്രവൃത്തി പരിചയം, സാമ്പത്തിക ഭദ്രത, ലക്ഷ്യമിടുന്ന കോഴ്സുകൾ, കോഴ്സ് നടത്തിപ്പിൽ വിദേശ രാജ്യങ്ങൾ, വിവിധ സർവകലാശാലകൾ എന്നിവയുമായുള്ള ധാരണ, പ്ലേസ്‌മെന്റ്, ലക്ഷ്യമിടുന്ന പദ്ധതിയുടെ വിജയ സാദ്ധ്യത, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ സാങ്കേതിക ഘടകങ്ങളും വരുമാനത്തിന്റെ പങ്കുവയ്ക്കലും വി​ലയി​രുത്തി​യാണ് നടത്തിപ്പ് ഏജൻസിയെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന ഏജൻസി പ്രതിവർഷം രണ്ട് കോടി രൂപ കേരള മാരിടൈം ബോർഡിന് ലൈസൻസ് ഫീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന് പുറമേ പ്രതിവർഷ വരുമാനത്തിന്റെ രണ്ടര ശതമാനവും കൈമാറും.

അടിസ്ഥാന സൗകര്യം വികസി​ക്കും

 കുറഞ്ഞത് 500 പേരെ പഠിപ്പിക്കും  പ്രവേശനത്തിൽ സംവരണം ഉറപ്പാക്കണം  ഗവേഷണം, പി.ജി, യു.ജി സർട്ടിഫിക്കറ്റ് കോഴ്സുകൾ  ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് അംഗീകാരം  യു.ജി.സി, സർവകലാശാല അംഗീകാരം  ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, മാരിടൈം ടെക്നോളജി കോഴ്സുകൾ  ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തും  ആകെ സ്ഥലം 14.9 ഏക്കർ