ഇന്ത്യയുടെ അഭിമാനമായ ബാഡ്‌മിന്റൺ  ഇതിഹാസം സൈന നെഹ്‌വാൾ വിരമിച്ചു

Tuesday 20 January 2026 6:54 AM IST

ന്യൂഡൽഹി: ഇന്ത്യൻ ബാഡ്‌മിന്റൺ ഇതിഹാസവും ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ സൈന നെഹ്‌വാൾ വിരമിച്ചു. കാൽമുട്ടിനേറ്റ പരിക്കും ശാരീരിക ബുദ്ധിമുട്ടുകളുമാണ് വിരമിക്കലിന് കാരണമെന്ന് 35കാരിയായ താരം അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി താരം കളിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

'രണ്ട് വർഷം മുമ്പ് ഞാൻ കളി നിർത്തിയിരുന്നു. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ കായികരംഗത്ത് എത്തിയതും സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതും. അതിനാൽതന്നെ മുൻകൂട്ടി പ്രഖ്യാപിക്കേണ്ട ആവശ്യമില്ലായിരുന്നു. ഇനി കളിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ അത്രയേയുള്ളൂ. തരുണാസ്ഥി പൂർണ്ണമായും നശിച്ചിരിക്കുന്നു, ആർത്രൈറ്റിസ് ഉണ്ട്. എനിക്കിനി കളിക്കാൻ കഴിയില്ല, അത് ബുദ്ധിമുട്ടാണ് എന്ന് മാതാപിതാക്കളെയും പരിശീലകരെയും അറിയിച്ചു. സൈന ഇനി കളിക്കില്ലെന്ന് പതിയെ ആളുകളും തിരിച്ചറിയും. അതിനാൽ ഒരു പ്രഖ്യാപനത്തിന്റെ ആവശ്യമില്ല.

വിരമിക്കൽ പ്രഖ്യാപിക്കുന്നത് അത്ര വലിയ കാര്യമാണെന്ന് ഞാൻ കരുതുന്നില്ല. എന്റെ സമയം കഴിഞ്ഞുവെന്ന് എനിക്ക് തോന്നി, എന്റെ കാൽമുട്ടിന് മുമ്പത്തെപ്പോലെ പ്രകടനം നടത്താൻ കഴിയില്ല. ലോകത്തിലെ ഏറ്റവും മികച്ച താരമാകാൻ എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ പരിശീലനം നടത്തണം. ഇപ്പോൾ എന്റെ കാൽമുട്ട് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ തളരാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ മതിയെന്ന് ഞാൻ കരുതി. എനിക്കിനി മുന്നോട്ട് പോകാൻ കഴിയില്ല'-ഒരു പോഡ്‌കാസ്റ്റിൽ സൈന വ്യക്തമാക്കി.

ഹരിയാന സ്വദേശിയായ സൈന നെഹ്‌വാൾ 2008ൽ ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് വിജയിച്ചതോടെയാണ് ലോകശ്രദ്ധ ആകർഷിച്ചത്. അതേവർഷം ഒളിമ്പിക്സിൽ ക്വാർട്ടർ ഫൈനലിലെത്തി. 2009ൽ അർജുന അവാർഡും 2010ൽ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡും നേടിയ സൈന ബാ‌ഡ്‌മിന്റണിൽ ലോക ഒന്നാം റാങ്ക് നേടിയ ആദ്യ ഇന്ത്യ വനിതാ താരവുമാണ്.

2012ൽ ലണ്ടൻ ഒളിമ്പിക്‌‌സിൽ വെങ്കല മെഡൽ സ്വന്തമാക്കി. 2016ലെ റിയോ ഒളിമ്പിക്സിൽ കാൽമുട്ടിന് പരിക്കേറ്റത് സൈനയുടെ കരിയറിനെ സാരമായി ബാധിച്ചിരുന്നു. പിന്നീട് 2017ൽ ലോക ചാമ്പ്യൻഷിപ്പ് വെങ്കലവും 2018ൽ കോമൺ‌വെൽത്ത് ഗെയിംസിൽ സ്വർണ്ണവും നേടി സൈന ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും കാൽമുട്ടിലെ പരിക്ക് കൂടുതൽ സങ്കീർണമാവുകയായിരുന്നു.