ബാഴ്സയ്ക്ക് ഫുൾ സ്റ്റോപ്പിട്ട് സോസിഡാഡ്
സാൻ സെബാസ്റ്റ്യൻ : തോൽവി അറിയാതെ 11 മത്സരങ്ങൾ നീണ്ട ബാഴ്സലോണയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് റയൽ സോസിഡാഡ്. ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയൽ സോസിഡാഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്സലോണയെ വീഴ്ത്തിയത്. ലാലിഗയിൽ മാത്രമായി തുടർച്ചയായ 9 വിജയങ്ങളുമായി കുതിക്കുകയായിരുന്ന ഹാൻസി ഫ്ലിക്കിൻ്റെ ശിഷ്യൻമാർക്ക് സോസിഡാഡിന് എതിരായ തോൽവി പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനവും തുലാസിലാക്കി. രണ്ടാം സ്ഥാനത്തുള്ള ചിരവൈരികളായ റയൽ മാഡ്രിഡുമായുള്ള അകലം വെറും ഒരു പോയിൻ്റായി തുടരുകയാണ്. ബാഴ്സലോണയ്ക്ക് 49 ഉം റയലിന് 48 ഉം പോയിൻ്റാണ് ഉള്ളത്. അതേസമയം ലീഗിൽ തുടർച്ചയായ രണ്ടാം ജയവുമായി സോസിഡാഡ് എട്ടാം സ്ഥാനത്തെത്തി.
ഓയർ സബാലിലൂടെ 32-ാം മിനിട്ടിൽ ലീഡെടുത്ത സോസിഡാഡിനെ 70ാം മിനിട്ടിൽ റാഷ്‌ഫർഡ് നേടിയ ഗോളിലൂടെ ബാഴ്സ സമനിലയിൽ പിടിച്ചു. എന്നാൽ തൊട്ടടുത്ത നിമിഷം ഗോൺസാലോ ഗുയേഡസ് സോസിഡാഡിനെ വീണ്ടും മുന്നിൽ എത്തിക്കുകയായിരുന്നു.
89 -ാം മിനിട്ടിൽ പെഡ്രിയെ ടാക്കിൾ ചെയ്ത കാർലോ സോറസ് ചുവപ്പ് കാർഡ് കണ്ടതിനെ തുടർന്ന് പത്ത് പേരായി ചുരുങ്ങിയെങ്കിലും ബാഴ്സയുടെ ആക്രമണങ്ങളിൽ പതറാതെ സോസിഡാഡ് ജയമുറപ്പിച്ചു.
നിർഭാഗ്യം
മത്സരത്തിൻ്റെ എല്ലാ മേഖലയിലും ബാഴ്സയ്ക്കായിരുന്നു ആധിപത്യം. അവരുടെ മൂന്ന് ഗോളുകൾ വാർ പരിശോധനയിൽ അനുവദിക്കപ്പെടാതിരുന്നത്. 5 ഓളം ഷോട്ടുകൾ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. സോസിഡാഡ് ഗോൾ കീപ്പർ അലക്സ് റെമീറോയുടെ തകർപ്പൻ സേവും ബാഴ്സയ്ക്ക് വിലങ്ങ് തടിയായി.