ശബരിമല സ്വർണക്കൊള്ള; 21 ഇടങ്ങളിൽ ഇ‌ഡി റെയ്‌ഡ്, എല്ലാ പ്രതികളുടെയും വസതികളിൽ ഒരേസമയം പരിശോധന

Tuesday 20 January 2026 7:46 AM IST

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്‌ഡ്. ആറന്മുളയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. സ്വർണക്കൊള്ളയിലെ എല്ലാ പ്രതികളുടെയും വീടുകളിലും ഒരേസമയംതന്നെ പരിശോധന നടത്തുകയാണ് ഇഡി. കേരളത്തിലും തമിഴ്‌‌നാട്ടിലും കർണാടകയിലുമായി 21 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. സ്വർണക്കൊള്ളയിൽ കേസെടുത്തതിനുശേഷമുള്ള ഇഡിയുടെ ആദ്യ നടപടിയാണിത്.

ദേവസ്വം ബോർഡ് ആസ്ഥാനം, ബംഗളൂരുവിലെ സ്‌മാർട്ട് ക്രിയേഷൻസ്, സ്വർണവ്യാപാരി ഗോവർദ്ധന്റെ വീട്, പോറ്റിയുടെയും തന്ത്രിയുടെയും വീട്, എൻ വാസുവിന്റെ വീട് എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പരിശോധിക്കും. പ്രതികളുടെ സ്വത്ത് മരവിപ്പിക്കാനുള്ള നീക്കമുള്ളതായും വിവരമുണ്ട്. ഇന്നലെ രാത്രിതന്നെ ഉദ്യോഗസ്ഥർ ഓരോ ജില്ലകളിലും എത്തിയിരുന്നതായാണ് റിപ്പോർട്ട്.

അതേസമയം, ശബരിമലയിൽ നിന്നു കൊണ്ടുപോയ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചപ്പോൾ നിക്കൽ ലോഹം കലർന്നതായി വി.എസ്.എസ്.സിയുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. നേരിയ സ്വർണ നിറമുള്ള തിളക്കമാർന്ന ലോഹമാണ് നിക്കൽ. കൊണ്ടുപോയ പാളികളിൽ അത് ഒട്ടിക്കാൻ ഉപയോഗിച്ച മെർക്കുറിയുടെ (രസം) അംശം ഉണ്ടായിരുന്നു.

തിരിച്ചെത്തിച്ച പാളികളിൽ മെർക്കുറിയുടെ അംശമില്ല. നിക്കലിനു പുറമേ, അക്രിലിക് പോളിമർ കാര്യമായ അളവിൽ കലർന്നു.

പഴയ ശുദ്ധമായ സ്വർണപ്പാളിയുടെ കനവും ഇപ്പോഴത്തെ നിക്കൽ അക്രിലിക് പോളിമർ അളവും താരതമ്യം ചെയ്യുമ്പോൾത്തന്നെ, സ്വർണക്കവർച്ചയുടെ വ്യാപ്തി ബോധ്യമാവുമെന്ന് എസ്.ഐ.ടിയുടെ റിപ്പോർട്ടിൽ പറയുന്നു.