ദീപക്കിന്റെ മരണം; യുവതി ഒളിവിലെന്ന് വിവരം; ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പൊലീസ്
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. പ്രതിയായ വടകര സ്വദേശിനി ഷിംജിത മുസ്‌തഫയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് തെരച്ചിൽ ഊർജിതമാക്കി. മരിച്ച ഗോവിന്ദപുരം, കൊളങ്ങരകണ്ടി, ഉള്ളാട്ട്തൊടി ദീപക്കിന്റെ അമ്മയുടെ പരാതിയിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ദീപക്കിന്റെ മരണത്തിന് പിന്നാലെ കുടുംബം യുവതിക്കെതിരെ മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു. യുവതിയുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
യുവതി ദൃശ്യങ്ങൾ പകർത്തിയ ഫോൺ കസ്റ്റഡിയിലെടുക്കും. യുവതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ബസ് യാത്രക്കിടെയുണ്ടായ അനുഭവം വടകര പൊലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാൽ അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് വടകര ഇൻസ്‌പെക്ടർ വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായതിന് പിന്നാലെ യുവതി ഇൻസ്റ്റഗ്രാം, എഫ്.ബി അക്കൗണ്ടുകൾ നീക്കം ചെയ്തിരിക്കുകയാണ്.
സംഭവത്തിൽ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് മനുഷ്യാവകാശ കമ്മിഷൻ. ഒരാഴ്‌ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. പയ്യന്നൂരിൽ സ്വകാര്യ ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് പൊതുപ്രവർത്തക കൂടിയായ യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്.