ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് എസ്ഐടിയുടെ പരിശോധന തുടങ്ങി

Tuesday 20 January 2026 11:09 AM IST

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ സന്നിധാനത്ത് പരിശോധന ആരംഭിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ശ്രീകോവിലിൽ പുതിയ വാതിൽ സ്‌പോൺസർ ചെയ്തമ്പോൾ പഴയ വാതിൽ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിരുന്നു. ഇതിന്റേയളവ് എടുക്കാനാണ് പ്രധാനമായും എസ്ഐടി സന്നിധാനത്തെത്തിയത്. സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയ മറ്റ് വസ്തുക്കളിലും പരിശോധന നടത്തും. ദ്വാരപാലക ശില്പങ്ങളെക്കുറിച്ചും പഴയ കൊടിമരം പൊളിച്ചുമാറ്റിയതിനെക്കുറിച്ചുമെല്ലാം കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം.

അതേസമയം,​ ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചപ്പോൾ നിക്കൽ ലോഹം കലർന്നതായി വിഎസ്എസ്‌സിയുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. നേരിയ സ്വർണ നിറമുള്ള തിളക്കമാർന്ന ലോഹമാണ് നിക്കൽ. കൊണ്ടുപോയ പാളികളിൽ സ്വർണം ഒട്ടിക്കാൻ ഉപയോഗിച്ച മെർക്കുറിയുടെ (രസം) അംശം ഉണ്ടായിരുന്നു.

തിരിച്ചെത്തിച്ച പാളികളിൽ മെർക്കുറിയുടെ അംശം ലവലേശം ഇല്ല. നിക്കലിനു പുറമേ, അക്രിലിക് പോളിമർ കാര്യമായ അളവിൽ കലർന്നു. പഴയ ശുദ്ധമായ സ്വർണപ്പാളിയുടെ കനവും ഇപ്പോഴത്തെ നിക്കൽ അക്രിലിക് പോളിമർ അളവും താരതമ്യം ചെയ്യുമ്പോൾത്തന്നെ, സ്വർണക്കവർച്ചയുടെ വ്യാപ്തി ബോധ്യമാവുമെന്ന് എസ്ഐടിയുടെ റിപ്പോർട്ടിൽ പറയുന്നു. എത്രമാത്രം ആസൂത്രിതമായാണ് കൊള്ള നടത്തിയെന്നതിന്റെ സൂചനകൂടിയാണിത്. പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും വൻ റാക്കറ്റുണ്ടെന്നുമുള്ള സംശയം ബലപ്പെടുകയാണ്. 2024-2025 വർഷങ്ങളിൽ സ്വർണത്തിൽ വന്ന മാറ്റത്തിന്റെ നിർണായക സൂചനകളും റിപ്പോർട്ടിലുണ്ട്.