സഭയിൽ അസാധാരണ നീക്കം; നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനം വെട്ടി ഗവർണർ,​ വായിച്ച് മുഖ്യമന്ത്രി

Tuesday 20 January 2026 11:31 AM IST

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വായിക്കാത്ത ഭാഗങ്ങൾ സഭയിൽ വായിച്ച് അസാധാരാണ നടപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിനെതിരായ വിമർശനം വായിക്കാതെ വിട്ടതിൽ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ നീക്കം. പ്രസംഗത്തിൽ ഗവർണർ വായിക്കാതെ വിട്ട ഭാഗം മുഖ്യമന്ത്രി വായിക്കുകയായിരുന്നു. മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകളാണ് മുഖ്യമന്ത്രി സഭയിൽ വായിച്ചത്.

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12, 15, 16 എന്നിവയിൽ ഗവർണറുടെ പ്രസംഗത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഭരണഘടനയുടെ അന്തഃസത്തയ്ക്കും സഭയുടെ കീഴ്വഴക്കങ്ങൾക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനിൽക്കുന്നത്. അനുച്ഛേദം 176 പ്രകാരം ഗവർണർ ഒരു വർഷത്തിലെ ആദ്യത്തെ സമ്മേളനം ചേരുമ്പോൾ നിയമസഭയെ അഭിസംബോധന ചെയ്യാറുണ്ട്. ഗവൺമെന്റിന്റെ നയപ്രഖ്യാപനമാണ് ഗവർണർ സഭയിൽ നടത്തുന്നത് എന്നതിനാൽ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകൾ അതേപടി നിലനിൽക്കുന്നതാണ്. ഇക്കാര്യം സംബന്ധിച്ച് ചെയറിൽ നിന്നും നിരവധി തവണ റൂളിംഗുകളും ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

'മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12 ലെ ആദ്യ വാചകം ഇപ്രകാരമാണ്, 'ഇത്തരം സാമൂഹികവും സ്ഥാപനപരവുമായ നേട്ടങ്ങൾ കൈവരിച്ചിട്ടും, ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാപരമായ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന യൂണിയൻ ഗവൺമെന്റിന്റെ തുടർച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുകൊണ്ടിരിക്കുകയാണ്.

''ഈ വാചകം ബഹു. ഗവർണർ ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 15 ലെ അവസാന രണ്ടു വാചകങ്ങൾ ഇപ്രകാരമാണ്: 'സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾ ദീർഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളിൽ എന്റെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും അവ ഒരു ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്തിരിക്കുകയുമാണ്. ''ഈ വാചകം ഗവർണർ ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 16 ലെ അവസാന വാചകം ഇപ്രകാരമാണ്, 'നികുതി വിഹിതവും ധനകാര്യ കമ്മീഷൻ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും, ഔദാര്യമല്ലാത്തതും, ഈ ചുമതല ഏൽപ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങൾക്ക് മേലുള്ള ഏതൊരു സമ്മർദ്ദവും ഫെഡറൽ തത്വങ്ങളെ ദുർബ്ബലപ്പെടുന്നതുമാണ്.

ഈ വാചകത്തിനോടൊപ്പം 'എന്റെ സർക്കാർ കരുതുന്നു' എന്ന് ഗവർണർ കൂട്ടിച്ചേർത്തിട്ടുണ്ട്. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒഴിവാക്കിയവ ഉൾപ്പെടുത്തിയും, കൂട്ടിച്ചേർക്കലുകൾ ഒഴിവാക്കിയും, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. ഇത് ആധികാരികമായ നയപ്രഖ്യാപന പ്രസംഗമായി അംഗീകരിക്കണമെന്ന് അങ്ങയോട് അഭ്യർത്ഥിക്കുന്നു'- മുഖ്യമന്ത്രി പറഞ്ഞു.