കേരളത്തിലെ കോഴി ഉത്‌പന്നങ്ങൾക്ക് ഒമാനിൽ നിരോധനം

Tuesday 20 January 2026 11:52 AM IST

മസ്‌കറ്റ്: കേരളത്തിൽ നിന്നുള്ള കോഴി ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഒമാൻ നിരോധനം ഏർപ്പെടുത്തി. വെറ്റിനറി അധികാരികളുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. റോയൽ ഡിക്രി നമ്പർ 45/2004 പ്രകാരം പുറപ്പെടുവിച്ച വെറ്റിനറി ക്വാറന്റൈൻ നിയമവും അതിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളും അടിസ്ഥാനമാക്കിയുള്ള നടപടിയാണിതെന്ന് കാർഷിക മന്ത്രാലയം അറിയിച്ചു.

പൊതുജനാരോഗ്യവും മൃഗാരോഗ്യ സുരക്ഷയും ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയായാണ് ഇറക്കുമതി നിരോധനം. നിലവിലെ വിലക്കിനുള്ള സാഹചര്യങ്ങളും കാരണങ്ങളും നീങ്ങുന്നതുവരെ നടപടി തുടരും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴികളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും ഇറക്കുമതിക്ക് നേരത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.

ഹീറ്റ് ട്രീറ്റ്മെന്റ് നടത്തിയതോ മറ്റു രീതിയിൽ പ്രോസസ് ചെയ്‌തതോ ആയ ഉത്പന്നങ്ങൾക്ക് ഈ നിരോധനം ബാധകമല്ലെന്ന് ലോക മൃഗാരോഗ്യ സംഘടന ടെറസ്‌ട്രിയൽ പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യവും കാർഷിക മന്ത്രാലയം അറിയിച്ചിട്ടുണ്ട്.