'ഐസിസ് വധു' ഷമീമ ബീഗം ഉൾപ്പെടെയുള്ളവർ തടവിൽ നിന്ന് രക്ഷപ്പെട്ടേക്കുമെന്ന് സൂചന; ആശങ്കയുയരുന്നു
ലണ്ടൻ: ഐസിസ് ഭീകരൻ യാഗോ റീഡിജ്കിന്റെ ഭാര്യ ഷമീമ ബീഗം ഉൾപ്പെടെയുള്ള ഐസിസ് തടവുകാരെ സിറിയയിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് മോചിപ്പിക്കാൻ സാദ്ധ്യതയെന്ന് റിപ്പോർട്ട്. നിലവിൽ വടക്കുകിഴക്കൻ സിറിയയിലെ അൽ റോജ് ക്യാമ്പിലാണ് 'ഐസിസ് വധു' എന്നറിയപ്പെടുന്ന ഷമീമ തടവിൽ കഴിയുന്നത്. 26കാരിയായ ഷമീമയുടെ പൗരത്വം ബ്രിട്ടൻ റദ്ദാക്കിയിരുന്നു. 15ാം വയസിലാണ് ഐസിസിൽ ചേരുന്നതിനായി ബ്രിട്ടൻ വിട്ട് ഷമീമ സിറിയയിലേയ്ക്ക് കടന്നത്. പിന്നാലെ 21കാരനായ യാഗോ റീഡിജ്ക്കിനെ വിവാഹം കഴിക്കുകയായിരുന്നു.
കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്‌ഡിഎഫ്) ആണ് അഭയാർത്ഥി ക്യാമ്പ് നിയന്ത്രിക്കുന്നത്. 9000ത്തിലധികം ഐസിസ് തടവുകാരാണ് ഇവിടെയുള്ളത്. വടക്കുകിഴക്കൻ സിറിയയിലുടനീളമുള്ള ജയിലുകളിൽ ഉഗ്രമായ പോരാട്ടങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ഷമീമയുടെ മോചനത്തിന് വഴിയൊരുങ്ങുന്നത്. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സേനയുമായുള്ള പോരാട്ടത്തിൽ എസ്‌ഡിഎഫിന് സിറിയയിലെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം നഷ്ടമായിരുന്നു. ഇരുഗ്രൂപ്പുകളും വെടിനിർത്തലിൽ ഒപ്പുവച്ചതിന് പിന്നാലെ എസ്ഡിഎഫിന്റെ നിയന്ത്രണത്തിലുള്ള മൂന്ന് തടങ്കൽ കേന്ദ്രങ്ങൾക്ക് ചുറ്റും ആക്രമണമുണ്ടാവുകയായിരുന്നു.
ഐസിസ് തടവുകാരെ മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റാൻ ശ്രമിക്കുകയാണെന്നാണ് എസ്‌ഡിഎഫ് പറയുന്നതെങ്കിലും ഇതിന് സാധിച്ചിട്ടില്ല. ഒട്ടേറെ തടവുകാർ ദേർ അൽ സൂർ മേഖലയിലെ ക്യാമ്പിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഐസിസ് ഭീകരർ രക്ഷപ്പെടുന്നതും അവരെ മോചിപ്പിക്കുന്നതും അന്താരാഷ്ട്ര തലത്തിൽ ആശങ്കയുയർത്തുമെന്നാണ് വിലയിരുത്തൽ.