ഒരു കാലത്ത് പൊന്നു വിളയുന്ന കൃഷി, ഇന്ന് ചെയ്യാൻ കർഷകരില്ല; വേനലിൽ വാടി വെറ്റിലകൃഷി

Tuesday 20 January 2026 2:10 PM IST

വെമ്പായം: കടുത്ത ചൂടിൽ കൊടിയുണങ്ങി വെറ്റില ലഭിക്കാനില്ല. വില കൂടിയപ്പോഴാണ് കർഷകരെ ചതിച്ച് ചൂടും കൂടിയത്.കെട്ടിന് നൂറിന് താഴെയായിരുന്ന വില ഇപ്പോൾ 150നോടടുത്തു. പലരും കൃഷി നിറുത്തിയതും വില കൂടാൻ കാരണമായിട്ടുണ്ട്.

ആയുർവേദ ഉത്പാദനത്തിനുൾപ്പെടെ ഉപയോഗിക്കുന്ന വെറ്റിലയ്ക്ക് ഇപ്പോൾ വിപണിയിൽ വൻ ഡിമാന്റാണ്.എന്നാൽ മറ്റ് കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും വിപണിവിലയിൽ സ്ഥിരത ഇല്ലാത്തതുമാണ് കർഷകരെ മറ്റു കൃഷികളിലേക്ക് തിരിക്കുന്നത്. കർഷകർ മാർക്കറ്റിലെത്തിക്കുന്ന വെറ്റില മൊത്തക്കച്ചവടക്കാർ വാങ്ങി,ചാലയിലെയും ഗ്രാമപ്രദേശങ്ങളിലെയും കടകളിൽ വിതരണം ചെയ്യും. പാൻമസാലയുടെ വരവോടെ മുറുക്കാൻ കടകളിൽ കച്ചവടം കുറഞ്ഞതും വിലത്തകർച്ചയ്ക്ക് കാരണമായി.

 കൃഷി ചെയ്യാൻ കർഷകരില്ല

കിളിമാനൂർ, കല്ലറ, വെഞ്ഞാറമൂട്, വാമനപുരം നെടുമങ്ങാട് മാർക്കറ്റുകളിലാണ് പ്രധാനമായും വെറ്റില വ്യാപാരമുള്ളത്. ആഴ്ചയിലൊരിക്കലാണ് വെറ്റില വിളവെടുപ്പ്.ആഴ്ചതോറും വരുമാനം കിട്ടുന്ന കൃഷിയായതിനാൽ ഉപജീവന മാർഗമായി ധാരാളം കർഷകർ ഇതിലേക്ക് തിരിഞ്ഞിരുന്നു. എന്നാൽ സ്ഥിരമായ വിലയില്ലാത്തതും രോഗബാധയും കർഷകരെ പിന്തിരിപ്പിക്കുന്ന ഘടകമാണ്.

 ഒരു കെട്ട് വെറ്റിലയുടെ വില - 100 രൂപ മുതൽ 150രൂപ വരെ.

 ഒരു അടുക്കിൽ 24 വെറ്റില

 നാലടുക്ക് വെറ്റില ചേരുമ്പോൾ ഒരു കെട്ട് വെറ്റില

 100 അടുക്ക് വെറ്റില നുള്ളി അടുക്കിയെടുക്കണമെങ്കിൽ നാലു പേർ വൈകിട്ട് വരെ ജോലി ചെയ്യണം .

ഗ്രാമങ്ങളിൽ മാത്രമാണ് വെറ്റിലക്കൃഷി അവശേഷിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അതുമില്ലാതാകുന്ന അവസ്ഥയാണ്, മറ്റു കൃഷികളെ അപേക്ഷിച്ച് വേനലിൽ വളരെയധികം ജലം വെറ്റിലക്കൃഷിക്ക് ആവശ്യമാണ്.

ബാബു,കർഷകൻ