കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി; പാട്ട് നിർത്തിച്ച് സിപിഎം പ്രവർത്തകർ
കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടിയതിന്റെ പേരിൽ സിപിഎം - ബിജെപി സംഘർഷം. കണ്ണാടിപ്പറമ്പ് ശ്രീമുത്തപ്പൻ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. ഗാനമേളയ്‌ക്കിടെ സംഘപരിവാർ വേദികളിൽ ആലപിക്കാറുള്ള ഗണഗീതം പാടിയതാണ് തർക്കത്തിന് കാരണമായത്.
പരിപാടിക്കിടെ സദസിൽ നിന്നുള്ള ആവശ്യപ്രകാരമാണ് ഗായകസംഘം ഗണഗീതം ആലപിച്ചത്. എന്നാൽ, രണ്ട് സിപിഎം പ്രവർത്തകർ സ്റ്റേജിൽ കയറി ഗായകരെ തടയുകയും പാടുന്നത് നിർത്തിക്കുകയും ചെയ്‌തു. ക്ഷേത്ര സംഘാടക സമിതിയിൽ ബിജെപി - ആർഎസ്‌എസുകാരുള്ളതിനാൽ ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. പാട്ട് തടഞ്ഞ സിപിഎം പ്രവർത്തകരെ ബിജെപി - ആർഎസ്എസ് പ്രവർത്തകർ മർദിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്. നാട്ടുകാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ഇന്ന് വൈകിട്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ഇരുവിഭാഗവും പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
കണ്ണൂരിലെ ക്ഷേത്രോത്സവ വേദികളിൽ ഇത്തരം ഗണഗീതങ്ങൾ ആലപിക്കുന്നത് മുമ്പും വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്. സദസിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ചാണ് ഗാനം ആലപിച്ചതെന്ന് ഗായകസംഘം വിശദീകരിച്ചു.