'നീ എങ്ങോട്ടാ ബാറ്റ് വീശുന്നത്?' നെറ്റ്സ് പരിശീലനത്തിനിടെ ഗംഭീറിന്റെ ചോദ്യത്തിന് ഹാർദികിന്റെ മാസ് മറുപടി

Tuesday 20 January 2026 4:05 PM IST

മുംബയ്: ന്യൂസിലൻ‌ഡിനെതിരെ നടക്കാനിരിക്കുന്ന ട്വന്റി-20 പരമ്പരയിൽ ടീം ഇന്ത്യയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ.എന്നാൽ കളിക്കളത്തിലേക്ക് ഇറങ്ങും മുൻപേ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ഹാർദിക്. ബിസിസിഐ പുറത്തുവിട്ട പുതിയ വീഡിയോയാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്.

നെറ്റ്സ് പരിശീലനത്തിനിടെ ഹാർദിക് നടത്തിയ ബാറ്റിംഗ് പ്രകടനമാണ് ആരാധകരെയും സഹതാരങ്ങളെയും ഒരുപോലെ അമ്പരപ്പിച്ചത്. ബാറ്റ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ ഗാലറിയിലുള്ളവരോട് മാറിനിൽക്കാൻ ഹാർദിക് വിളിച്ചു പറയുന്നുണ്ട്. ഇത് കേട്ട ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ തമാശരൂപേണ താരത്തിനോട് എങ്ങോട്ടാണ് ബാറ്റ് വീശാൻ പ്ലാൻ ചെയ്യുന്നതെന്നും നോർത്ത് വിങ്ങിലേക്കാണോയെന്നും ഗംഭീർ ചോദിക്കുന്നുണ്ട്.

നോർത്ത് വിങ്ങല്ല, ഒന്നാമത്തെ നിലയിലേക്കാണ് ലക്ഷ്യം വയ്ക്കുന്നതെന്നായിരുന്നു ഹാർദിക്കിന്റെ മറുപടി. പക്ഷേ, താരം ബാറ്റ് വീശിയതും പന്ത് ഗാലറിയുടെ ഒന്നാം നിലയും കടന്ന് രണ്ടാം നിലയിൽ ചെന്നു പതിക്കുകയായിരുന്നു. ഇത് കണ്ട് അന്തംവിട്ട നായകൻ സൂര്യകുമാർ യാദവ് ചോദിച്ചതും ശ്രദ്ധേയമായി: 'അല്ല ഇവനിത് രണ്ടാമത്തെ തട്ടിലേക്കാണോ ബോൾ അടിച്ചിട്ടത്'.

ഹാർദികിന്റെ മടങ്ങി വരവ് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്. താരം എത്തുന്നതോടെ ഓൾറൗണ്ടർ എന്ന നിലയിൽ ടീമിന് കൂടുതൽ കരുത്തേറും. ഹാർദിക്കിനൊപ്പം സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും തിരിച്ചെത്തുന്നത് ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്. അതേസമയം, നായകൻ സൂര്യകുമാർ യാദവിന് പരമ്പര നിർണായകമാണ്. ടീം വിജയങ്ങൾ കൊയ്യുന്നുണ്ടെങ്കിലും തന്റെ ബാറ്റിംഗിലെ ഫോമില്ലായ്മ സൂര്യയെ വേട്ടയാടുന്നുണ്ട്. ഹാർദിക്കിന്റെയും ബുംറയുടെയും വരവോടെ കിവീസിനെ സ്വന്തം മണ്ണിൽ തകർക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.