'തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്ന സ്‌ത്രീകളെ ബലാത്സംഗം ചെയ്യണം'; വിവാദ പരാമർശവുമായി ബിജെപി സ്ഥാനാർത്ഥി
തൊടുപുഴ: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് കോഴിക്കോട് സ്വദേശിയായ ദീപക് ജീവനൊടുക്കിയതിന് പിന്നാലെ വിവാദ പരാമർശവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്ന സ്‌ത്രീകളെ ബലാത്സംഗം ചെയ്‌ത് ജയിലിൽ പോകണമെന്നാണ് പരാമർശം. തൊടുപുഴ നഗരസഭ അഞ്ചാം വാർഡിലെ ബിജെപിയുടെ സ്ഥാനാർത്ഥിയായിരുന്ന അജയ് ഉണ്ണിയാണ് വിവാദ പരാമർശം നടത്തിയത്.
ആരെങ്കിലും ഇത്തരത്തിൽ വീഡിയോ ചിത്രീകരിക്കുന്നതായി തോന്നിയാൽ ആ സ്‌ത്രീകളെ ബലാത്സംഗം ചെയ്‌ത ശേഷമേ ആത്മഹത്യ ചെയ്യൂവെന്നായിരുന്നു ഇയാളുടെ പരാമർശം. 'ഭീരുവിനെപ്പോലെ മരിക്കേണ്ട ആവശ്യമില്ല. അനാവശ്യമായി നാണം കെടുത്താനുള്ള ശ്രമം നടന്നാൽ ആത്മഹത്യക്ക് ഒരുങ്ങുന്നതിന് മുൻപ് ഇത്തരം ആരോപണം ഉന്നയിച്ച സ്‌ത്രീയെ ബലാത്സംഗം ചെയ്യുക'- അജയ് ഉണ്ണി പറഞ്ഞു. ബലാത്സംഗം ചെയ്‌ത് ജയിലിൽ പോയാലും അവിടെ ജോലി ചെയ്‌ത് ജീവിക്കാമെന്ന് അജയ് ഉണ്ണി പറയുന്നുണ്ട്. ഇയാൾ പങ്കു വച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
അതേസമയം ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട് വീഡിയോ പങ്കുവച്ച ഷിംജിത മുസ്‌തഫയെ അറസ്‌റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. സൈബർ പൊലീസിന്റെ സഹായത്തോടെ ഇവരുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിൽ നിന്നും വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ദീപക്കിന്റെ അമ്മയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് യുവതിയുടെ പേരിൽ കേസെടുത്തിരിക്കുന്നത്.