അധിക തസ്തികകൾക്ക് അംഗീകാരം നൽകണം, ജനുവരി 31 ന് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധം

Tuesday 20 January 2026 6:04 PM IST

തിരുവനന്തപുരം: എയ്ഡഡ് സ്ക്കൂളുകളിൽ 2021 മുതൽ അധിക തസ്തികകളിലും ഒരു വർഷത്തിൽ അധികമുള്ള അവധി ഒഴിവുകളിലും നിയമിതരായവർക്ക് സർക്കാർ അംഗികാരം നൽകണമെന്ന് കേരള എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഫാ.ഡോ. വർക്കി ആറ്റുപുറത്ത്, സെക്രട്ടറി ഇളംകുന്നപ്പുഴ എന്നിവർ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജനുവരി 31 ന് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം സംഘടിപ്പിക്കും.

2021 ഫെബ്രുവരി ആറിലെ സർക്കാർ ഉത്തരവ് പ്രകാരം അധിക തസ്തികകളിൽ 2016 ജനുവരി മുതൽ ഉത്തരവ് തീയതി വരെ നിയമിതരായവർക്ക് അംഗീകാരം നൽകുന്നതിന് തിരുമാനമായി. എന്നാൽ 2021 ഫെബ്രുവരി 7മുതൽ നിയമിതരായ നൂറു കണക്കിന് അദ്ധ്യാപകരുടെ കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ അംഗീകാരം ലഭിക്കാതായി. അധിക തസ്തികകൾക്ക് അംഗീകാരം നല്കിയാൽ സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാകുമെന്ന തടസവാദം ശരിയല്ലെന്നും അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കുറച്ച് വർഷങ്ങളിലായി സർക്കാർ, എയ്ഡഡ് മേഖലകളിൽ കുട്ടികളുടെ കുറവ് കാരണം ആയിരക്കണക്കിന് അദ്ധ്യാപക തസ്തികകളാണ് നഷ്ടപ്പെട്ടത്. കേരളത്തിൽ പുതിയ തസ്തികകൾ ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ നിലവിലിരിക്കുന്ന തസ്തികകൾ നഷ്ടപ്പെട്ടു.

ഭിന്നശേഷി സംവരണ വിഷയത്തിൽ എൻ.എസ്.എസിന് ലഭിച്ച ആനുകൂല്യം എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാണെന്നിരിക്കെ, കോടതിയെ മറയാക്കി സർക്കാർ അനാവശ്യമായ കാലതാമസം വരുത്തുകയാണ്. 2025 ഓഗസ്റ്റ് ഒന്നിലെ സുപ്രിം കോടതി വിധി പ്രകാരം കെ. ടെറ്റ് ഇല്ലാതെ ജോലിയിൽ തുടരുന്ന ആയിരക്കണക്കിന് അദ്ധ്യാപകരുടെ ജോലി നഷ്ടപ്പെടും. സംസ്ഥാന സർക്കാർ അനുവദിച്ച ഇളവിലൂടെ ജോലിയിൽ പ്രവേശിച്ച ആയിരക്കണക്കിന് അദ്ധ്യാപകർക്ക് ജോലിയിൽ തുടരണമെങ്കിൽ സർക്കാർ സുപ്രിം കോടതിയിലും കേന്ദ്ര സർക്കാരിലും ശക്തമായ ഇടപെടലുകൾ നടത്തണമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.