ടെസ്റ്റ് നടത്താതെ വ്യാജ ഡ്രൈവിംഗ് ലൈസൻസ്: എംവിഐയ്‌ക്കും ക്ളർക്കിനും സസ്‌പെൻഷൻ
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ മൈസൂരുവിൽ നിന്നും ഏജന്റുമാർ വഴി ലൈസൻസ് തരപ്പെടുത്തി നൽകുന്ന സംഘമുണ്ടെന്ന വാർത്തയിൽ അച്ചടക്ക നടപടി. തിരൂരങ്ങാടി ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. എംവിഐ ജോർജ്, ക്ളർക്ക് നജീബ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഈ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും ശുപാർശ ചെയ്‌തിട്ടുണ്ട്.
ടെസ്റ്റ് നടത്താതെ മൈസൂരുവിൽ നിന്ന് ലൈസൻസ് സംഘടിപ്പിക്കുന്ന സംഘം വടക്കൻ കേരളത്തിൽ സജീവമാണെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. മൈസൂരിൽ നിന്ന് സംഘടിപ്പിക്കുന്ന ലൈസൻസിൽ മേൽവിലാസവും ഒപ്പും ഫോട്ടോയും മാറ്റി കേരളത്തിലെ ലൈസൻസാക്കി മാറ്റുന്നുവെന്നാണ് ആരോപണം ഉയർന്നത്. ഇതിന് മോട്ടോർ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നുവെന്നാണ് വിവരം. സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് മാനദണ്ഡങ്ങൾ കർശനമാക്കിയതോടെ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും ഏജന്റുമാർ മുഖേന ലൈസൻസ് തരപ്പെടുന്നവർ കൂടുതലാണ്. എന്നാൽ ഇത്തരത്തിൽ ലൈസൻസ് തരപ്പെടുത്തുന്നവർ അവിടത്തെ ടെസ്റ്റിൽ പങ്കെടുക്കാതെ തന്നെ ലൈസൻസ് സ്വന്തമാക്കുന്നുവെന്നാണ് വിവരം.
മലപ്പുറം സ്വദേശി മുഹമ്മദ് ബഷീറിന് മൈസൂരു വെസ്റ്റ് ആർ.ടി.ഒ 2025 ഡിസംബർ 20ന് മൈസൂരുവിലെ ഒരു വിലാസത്തിൽ ലൈസൻസ് നൽകിയിരുന്നു. എന്നാൽ 1970ൽ ജനിച്ചുവെന്ന രേഖകളിലുള്ള മുഹമ്മദ് ബഷീറിന്റെ ഡ്രൈവിങ് ലൈസൻസിൽ ഒരു യുവാവിന്റെ ചിത്രമായിരുന്നു നൽകിയിരുന്നത്. ഇതേ മുഹമ്മദ് ബഷീർ വിലാസവും ഒപ്പും മാറ്റാനായി തിരൂരങ്ങാടി സബ് ആർ.ടി.ഒ ഓഫീസിൽ 2025 ഡിസംബർ 23ന് അപേക്ഷ നൽകി. 2025 ഡിസംബർ 28ന് തിരൂരങ്ങാടിയിൽ നിന്നും മലപ്പുറത്തെ വിലാസത്തിൽ പുതിയ ചിത്രവും ഒപ്പമുള്ള പുതിയ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു.
ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുത്താത്ത ഒരാളുടെ പേരിൽ എങ്ങനെ മൈസൂരിൽ ലൈസൻസ് നൽകുമെന്നും രണ്ട് ചിത്രങ്ങൾ കൺമുന്നിലുള്ളപ്പോൾ തിരൂരങ്ങാടിയിലെ എം.വി.ഡി ഉദ്യോഗസ്ഥർ എങ്ങനെ പുതിയ ലൈസൻസ് നൽകുമെന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. മുൻപും തിരൂരങ്ങാടി സബ് ആർ.ടി.ഓഫീസിൽ നിന്ന് പലതരം തട്ടിപ്പ് കേസുകളുണ്ടായിട്ടുണ്ട്. വിഷയത്തിൽ തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് പ്രതിഷേധിച്ചു.