ദമ്പതികളെ ആക്രമിച്ച അയൽവാസി അറസ്റ്റിൽ
കൂടൽ: അയൽവാസികൾ സി.സി ടി.വി ക്യാമറ സ്ഥാപിച്ചതിന്റെ വിരോധത്തിൽ ദമ്പതികളെ വീടുകയറി ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കലഞ്ഞൂർ കഞ്ചോട് സ്വദേശിയായ പുത്തൻവീട്ടിൽ അനൂപാണ് (23) അറസ്റ്റിലായത്. കഴിഞ്ഞ 8ന് ഉച്ചയ്ക്ക് 12ന് അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ഗൃഹനാഥനെ പുറത്തിടിച്ച് വീഴ്ത്തിയ ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തടസം പിടിക്കാനെത്തിയ ഗൃഹനാഥയെ ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.
സംഭവശേഷം ഒളിവിൽ പോയ പ്രതിയെ കൂടൽ പൊലീസ് ഇൻസ്‌പെക്ടർ സി.എൽ.സുധീറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ എം.ബിജുമോൻ, എസ്.സി.പി.ഒ ഹരികൃഷ്ണൻ, ഡ്രൈവർ എസ്.സി.പി.ഒ ഹരിദാസ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതിക്കെതിരെ കൂടൽ, അടൂർ, ഏനാത്ത്, പുനലൂർ, പത്തനാപുരം, കൊല്ലം റെയിൽവേ പൊലീസ് തുടങ്ങി വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. കാപ്പ നിയമപ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ 6 മാസം തടവ് അനുഭവിച്ച് നവംബർ 23നാണ് പുറത്തിറങ്ങിയത്. റിമാൻഡ് ചെയ്തു.