മഞ്ഞിനിക്കര പെരുന്നാൾ ഫെബ്രുവരി 8 മുതൽ

Wednesday 21 January 2026 12:00 AM IST

പത്തനംതിട്ട: ഫെബ്രുവരി 8 മുതൽ 14 വരെ നടക്കുന്ന മഞ്ഞിനിക്കര പെരുന്നാളിന് വിപുലമായ ക്രമീകരണം ഒരുക്കുമെന്ന് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ. കളക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിൽ വിവിധ വകുപ്പുകളുമായി ചേർന്ന് നടത്തിയ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

പത്തനംതിട്ട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ സുരക്ഷാസംവിധാനം ഒരുക്കും. പൊലീസ് കൺട്രോൾ റൂമും പ്രവർത്തിക്കും. മഞ്ഞിനിക്കര ദയറയ്ക്ക് സമീപം ഫയർഫോഴ്സ് യൂണിറ്റുണ്ടാകും. ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രം, മഞ്ഞിനിക്കര സാമൂഹികാരോഗ്യ കേന്ദ്രം എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും. പെരുന്നാൾ ദിവസങ്ങളിൽ മഞ്ഞനിക്കര, ഓമല്ലൂർ, ചെന്നീർക്കര എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം ഉറപ്പാക്കും. കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. താത്കാലിക ബസ് സ്റ്റേഷൻ ക്രമീകരിക്കും. എക്‌സൈസ് പട്രോളിംഗ് ശക്തമാക്കും. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഹരിത പ്രോട്ടോകോൾ പാലിക്കും. പ്ലാസ്റ്റിക് നിരോധന ബോർഡ്, വേസ്റ്റ് ബിൻ എന്നിവ സ്ഥാപിക്കും. ഭക്ഷണശാലയിൽ ശുചിത്വം ഉറപ്പാക്കും. വകുപ്പുകളുടെ പ്രവർത്തനം ഏകോപ്പിക്കാൻ അടൂർ ആർ.ഡി.ഒയെ കോ ഓ‌ർഡിനേറ്ററായും കോഴഞ്ചേരി തഹസീൽദാരെ അസി. കോ -ഓർഡിനേറ്ററായും ചുമതലപ്പെടുത്തി. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി, പത്തനംതിട്ട ഡിവൈ.എസ്.പി എസ്.ന്യൂമാൻ, മഞ്ഞിനിക്കര പെരുന്നാൾ കൺവീനർ ഫാ.ജേക്കബ് തോമസ്, മഞ്ഞിനിക്കര ദയറ കമ്മിറ്റി അംഗം ഫാ. ബെന്നി മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.