ജില്ലയിലെ നാല് ഗ്രാമങ്ങൾ കളിക്കളങ്ങളിലേയ്‌ക്ക്
പത്തനംതിട്ട: കുട്ടികൾക്കും യുവാക്കൾക്കും കായികാവേശം പകരാൻ പഞ്ചായത്തുകളിൽ കളിസ്ഥലം നിർമ്മാണത്തിന് ജില്ലയിൽ തുടക്കമാകുന്നു. കായികവകുപ്പിന്റെ 'ഒരു ഗ്രാമം ഒരു സ്റ്റേഡിയം" പദ്ധതി ആദ്യഘട്ടത്തിൽ നാല് പഞ്ചായത്തുകളിൽ നടപ്പാക്കും.
കടമ്പനാട്, ഏഴംകുളം, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളെയാണ് സ്റ്റേഡിയം നിർമ്മാണത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം.
ഗ്രാമീണ മേഖലയിലെ യുവാക്കളുടെ കായിക കഴിവുകൾ പ്രാത്സാഹിപ്പിക്കുന്നതിനും പഞ്ചായത്ത്, ബ്ളോക്ക്, ജില്ലാതല ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിനുമാണ് പഞ്ചായത്തുകൾ തോറും മിനി സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നത്. രജിസ്റ്റർ ചെയ്ത യുവജന ക്ളബുകളുടെ സഹായത്തോടെ പഞ്ചായത്തുകൾക്കാണ് സ്റ്റേഡിയത്തിന്റെ നടത്തിപ്പ്, സംരക്ഷണ ചുമതല.
ഓരോ പഞ്ചായത്തിലും ജനകീയമായ കായിക ഇനങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് സ്റ്റേഡിയത്തിന്റെ രൂപകൽപ്പന. മലയാലപ്പുഴയിൽ ഹോക്കിയുടെ പഴയ പ്രതാപം വീണ്ടെടുക്കുന്നതിന് ഹോക്കി സ്റ്റേഡിയത്തിനാണ് മുൻഗണന. സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.
ഓരോ ഗ്രാമത്തിനും സ്റ്റേഡിയം
സ്ഥലം ഇല്ലാത്ത പഞ്ചായത്തുകളിൽ ഭരണസമിതി ഭൂമി കണ്ടെത്തും
പ്രവർത്തനമില്ലാതെ നശിച്ച സ്റ്റേഡിയങ്ങൾ നവീകരിക്കും
സ്ഥലമുള്ള പഞ്ചായത്തുകളിൽ സ്റ്റേഡിയം നിർമ്മിക്കും
കായിക പരിശീലകനെയും നിയമിക്കും
മൈതാനം ലെവലിംഗ്
ഡ്രെയിനേജ് സംവിധാനം
പവലിയൻ
ഗ്യാലറി
ടോയ്‌ലെറ്റ്
ജലവിതരണം
ലൈറ്റിംഗ്
ഒരു സ്റ്റേഡിയത്തിന് ചെലവ്
₹ 50 ലക്ഷം- 1 കോടി വരെ
സ്പോർട്സ് കിറ്റ് നൽകും
പഞ്ചായത്തുകൾക്ക് സ്പോർട്സ് കൗൺസിൽ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യും. ഒരു പഞ്ചായത്തിന്
10000 രൂപയുടെ കിറ്റാണ് നൽകുന്നത്. പ്രദേശത്ത് ജനകീയമായ കായിക ഇനത്തിനുള്ള ഉപകരണങ്ങളാണ് കിറ്റിലുള്ളത്. ജില്ലയിലെ കിറ്റ് വിതരണം മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.
യുവാക്കളുടെ ആരോഗ്യവും കായികനിലവാരവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. പുതിയ കായിക താരങ്ങൾ ഉയർന്നുവരും.
കെ.അനിൽകുമാർ, ജില്ലാ പ്രസിഡന്റ്
സ്പോർട്സ് കൗൺസിൽ