വാളയാർ ഡാം റോഡ് സാമൂഹ്യ വിരുദ്ധരുടെ കുപ്പത്തൊട്ടി
വാളയാർ: നിത്യേന നിരവധി സന്ദർശകരെത്തുന്ന വാളയാർ ഡാം റോഡ് മാലിന്യം തള്ളൽ കേന്ദ്രമായിട്ടും നടപടിയെടുക്കാതെ അധികൃതർ. റോഡിലെ ഇരുവശത്തുമായി തള്ളിയ മാലിന്യം നീക്കുന്നതിനൊപ്പം ഇത് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. സംഭവത്തിൽ ഉടൻ നടപടി ആവശ്യപ്പെട്ട് പരിസരവാസികൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. സാമൂഹ്യ വിരുദ്ധർ വാളയാറിന്റെ കുപ്പത്തൊട്ടിയാക്കി ഡാം റോഡിനെ മാറ്റിയിരിക്കുകയാണ്. വിദൂര സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരുന്ന മാലിന്യം പോലും ദേശീയ പാതയിൽ നിന്ന് വണ്ടി തിരിച്ച് ഇവിടെ കൊണ്ട് തള്ളിയിട്ട് പോവുകയാണ്. പരിസരത്തെ വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങളും ഇവിടെ തന്നെയാണിടുന്നത്. റോഡരികിൽ മാലിന്യം കുമിഞ്ഞ് കൂടിയതോടെ ഇവിടം മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായി എല്ലാവരും കണ്ടു തുടങ്ങി.
സമരത്തിനൊരുങ്ങി നാട്ടുകാർ മാലിന്യം നിക്ഷേപിക്കാൻ പുതുശ്ശേരി പഞ്ചായത്ത് ഡാം റോഡിൽ വലിയ ഇരുമ്പ് പെട്ടി സ്ഥാപിച്ചിരുന്നു. എന്നിട്ടും മാലിന്യങ്ങൾ ഇതിലിടുന്നതിന് പകരം പെട്ടിക്ക് ചുറ്റും കൊണ്ടിടുകയാണ് ചെയ്തത്. ഇതോടെ പെട്ടി ഉപയോഗ ശൂന്യമാവുകയും ചെയ്തു. ദേശീയ പാത മുതൽ വാളയാർ ഡാം വരെ നീണ്ട് കിടക്കുന്ന രണ്ട് കിലോമീറ്റർ റോഡിന്റെ ഇരു വശത്തും മാലിന്യങ്ങളാണ്. ഇവ നീക്കം ചെയ്ത് ഡാം റോഡ് ശുചീകരിക്കുകയും ഇനി മാലിന്യങ്ങൾ തള്ളാതിരിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുതുശ്ശേരി പഞ്ചായത്തിലെ എട്ട്, ഒമ്പത് വാർഡുകളിൽ ഉൾപ്പെട്ടതാണ് ഈ റോഡ്. വിഷയം വാർഡ് മെമ്പർ മാരുടെ ശ്രദ്ധയിൽപെടുത്താനും തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരം നടത്താനുമാണ് നാട്ടുകാരുടെ തീരുമാനം. മുമ്പ് ഇരുവശങ്ങളിലും പൂമരങ്ങളുണ്ടായിരുന്ന, സഞ്ചാരികളെ ആകർഷിക്കുന്ന വാളയാർ ഡാം റോഡ് ഈ അവസ്ഥയിലായത് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കൊണ്ടാണെന്ന് പരിസരവാസിയും പൊതുപ്രവർത്തകനുമായ കാജ വാളയാർ പറയുന്നു. പഴയ പ്രതാപത്തിലേക്ക് ഡാം റോഡിനെ കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.