നയപ്രഖ്യാപനത്തിൽ നടന്നത് നാടകം: കെ.സി.വേണുഗോപാൽ

Wednesday 21 January 2026 3:22 AM IST

കണ്ണൂർ: നയപ്രഖ്യാപനത്തിൽ ഗവർണർ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. ഗവർണർക്ക് വെട്ടാൻ സൗകര്യം ഒരുക്കിയപ്പോൾ, അതു തിരുത്താൻ പിണറായിക്ക് അവസരവും നൽകി. ഗവർണർ വെട്ടുന്നത് വായിക്കുന്ന ശീലമുണ്ടായിരുന്നെങ്കിൽ എന്തേ മുമ്പ് ഇതുചെയ്തില്ല. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനത്തിൽ വെട്ടലുകൾ നടത്തിയപ്പോൾ കൈയും കെട്ടിനിന്നവരാണ് മുഖ്യമന്ത്രിയും കൂട്ടരുമെന്നും കെ.സി.വേണുഗോപാൽ പരിഹസിച്ചു.

സാമൂഹിക അന്തരീക്ഷത്തെ തകർക്കുന്ന വൈകൃതമുള്ള പ്രസ്താവനയാണ് മന്ത്രി സജി ചെറിയാന്റേത്. പിണറായി വിജയന് പഠിക്കുകയാണ് അദ്ദേഹം. ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം മന്ദഗതിയിലാക്കാനാണ് എസ്.ഐ.ടി ശ്രമിക്കുന്നത്. സ്വർണ്ണക്കൊള്ളയ്ക്ക് ഒത്താശ നൽകിയ ഈ സർക്കാരിന് അധികാരത്തിൽ തുടരാൻ ധാർമ്മിക അവകാശമില്ലെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു