വഴിയോരത്തെ രണ്ട് മീൻ വില്പനകേന്ദ്രങ്ങൾ പൂട്ടിച്ചു
Wednesday 21 January 2026 1:33 AM IST
പറവൂർ: ചേന്ദമംഗലം ഭരണിമുക്കിൽ വഴിയോരത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന രണ്ട് മത്സ്യവില്പന കേന്ദ്രങ്ങൾ പൂട്ടിച്ചു. ഇവിടെനിന്ന് വാങ്ങിയ മീനിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി ഉയർന്നതിനെത്തുടർന്നാണ് പ്രദേശത്തെ കടകളിൽ പഞ്ചായത്തും ഭക്ഷ്യസുരക്ഷാ, ആരോഗ്യ വകുപ്പുകളും ചേർന്നു സംയുക്ത പരിശോധന നടത്തിയത്. വില്പനയ്ക്കായി വച്ചിരുന്ന മത്സ്യങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചു. ഇനിമുതൽ പ്രവർത്തിക്കരുതെന്ന കർശന നിർദ്ദേശവും നൽകി.
പരിശോധനയിൽ പറവൂർ സർക്കിൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥ ദിവ്യ, പഞ്ചായത്ത് സെക്രട്ടറി വി.ജി. ഗോപകുമാർ, ഡോ. ബിനോയ് ബാബു, ഹെൽത്ത് ഇൻസ്പെക്‌ടർ ലെസ്ലി വർഗീസ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മനോജ് തുടങ്ങിയവർ പങ്കെടുത്തു.