ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന്റെ വീട്ടിലെ ഇഡി റെയ്‌ഡ് അവസാനിച്ചു, പരിശോധന നടന്നത് 13 മണിക്കൂർ
കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുരാരി ബാബുവിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തിവന്ന പരിശോധന അവസാനിച്ചു. രാവിലെ മുതൽ ആരംഭിച്ച പരിശോധന 13 മണിക്കൂറാണ് നീണ്ടത്. ഇതിനുപുറമേ ചെന്നൈ സ്‌മാർട്ട് ക്രിയേഷൻസിൽ നടത്തിയിരുന്ന പരിശോധനയും പൂർത്തിയാക്കി ഇഡി മടങ്ങി. കോട്ടയത്ത് മുരാരി ബാബുവിന്റെ വീട്ടിൽ നടന്ന പരിശോധനയിൽ ഇയാളുടെ ആസ്‌തി വിവര രേഖകൾ, മുരാരി ബാബുവിന്റെയും ഭാര്യയുടെയും മകന്റെയും ബാങ്ക് ഇടപാട് രേഖകൾ, വാഹനരേഖകൾ, വീട് നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയെല്ലാം ഇഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളിലാണ് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി റെയ്‌ഡ് നടന്നത്. ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെയും പത്മകുമാറിന്റെയും എൻ വാസുവിന്റെയും വീടുകളിലെ പരിശോധന തുടരുകയാണ്. ശബരിമലയിലടക്കം വിവിധയിടങ്ങളിൽ എസ്‌ഐടി പരിശോധനയും നടന്നു. ഇഡി ഇന്ന് നടത്തുന്ന റെയ്‌ഡ് 'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ' എന്ന പേരിലാണ് അറിയപ്പെടുന്നത്. ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിലെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടിന്റെ വ്യാപ്തി കണ്ടെത്തുകയാണ് ഓപ്പറേഷന്റെ ലക്ഷ്യം. തിരുവനന്തപുരത്ത് ദേവസ്വംബോർഡ് ആസ്ഥാനമടക്കം നാലിടങ്ങളിൽ റെയ്‌ഡ് നടന്നു. ഇതിന്റെ വിവരം ദേവസ്വംബോർഡ് പ്രസിഡന്റ് കെ ജയകുമാറിനെ ഇഡി അറിയിച്ചു.