 കലാമണ്ഡലം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ഇയ്യങ്കോട് ശ്രീധരന് സമഗ്ര സംഭാവനാ പുരസ്‌കാരം

Tuesday 15 October 2019 12:00 AM IST
നരിപ്പറ്റ നാരായണൻ നമ്പൂതിരി

തൃശൂർ: കലാമണ്ഡലത്തിന്റെ 2018ലെ ഫെലോഷിപ്പിന് നരിപ്പറ്റ നാരായണൻ നമ്പൂതിരി (കഥകളി), കലാമണ്ഡലം പ്രഭാകര പൊതുവാൾ (ചെണ്ട) എന്നിവർ അർഹരായി. അമ്പതിനായിരം രൂപയും കീർത്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് ഫെലോഷിപ്പുകൾ. ഇയ്യങ്കോട് ശ്രീധരൻ സമഗ്ര സംഭാവനയ്ക്കുള്ള എം.കെ.കെ. നായർ പുരസ്‌കാരത്തിന് അർഹനായി. കലാമണ്ഡലം എം. കൃഷ്ണകുമാർ (കഥകളി വേഷം), കലാമണ്ഡലം എൻ.എൻ. കൊളത്താപ്പള്ളി (കഥകളി സംഗീതം), കലാമണ്ഡലം ഹരിദാസ് (ചെണ്ട), കലാമണ്ഡലം നടരാജ വാര്യർ (തൃപ്പലമുണ്ടമദ്ദളം), കയ്യണ്ടം നീലകണ്ഠൻ നമ്പൂതിരി (ചുട്ടി), മാർഗി ഉഷ നങ്ങ്യാർ (കൂടിയാട്ടം സ്ത്രീവേഷം), കലാമണ്ഡലം എച്ച്. ഹുസ്‌നാബാനു (മോഹിനിയാട്ടം), കന്യാടിൽ കുഞ്ഞിരാമൻ നായർ (തുള്ളൽ), ഡോ.കെ. ജയകൃഷ്ണൻ (മൃദംഗം), കോങ്ങാട് മധു (പഞ്ചവാദ്യം തിമില എ.എസ്.എൻ നമ്പീശൻ പുരസ്‌കാരം), കലാമണ്ഡലം ഈശ്വരനുണ്ണി (കലാഗ്രന്ഥം രാമായണ പ്രബന്ധം ബാലകാണ്ഡം), സന്തോഷ് കരിമ്പുഴ (ഡോക്യുമെന്ററി ദ കഥകളി മാസ്‌ട്രോ), കലാമണ്ഡലം ജി. അബിജോഷ് (മിഴാവ് യുവപ്രതിഭ പുരസ്‌കാരം) എന്നിവർക്കാണ് കലാമണ്ഡലം അവാർഡുകൾ.

30,000 രൂപയും കീർത്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് സമഗ്രസംഭാവനാ പുരസ്‌കാരവും അവാർഡുകളും. യുവപ്രതിഭാ പുരസ്‌കാരം പതിനായിരം രൂപയും കീർത്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ്. വിവിധ എൻഡോവ്‌മെന്റുകൾക്ക് ഡോ. പി. വേണുഗോപാൽ, സ്മിത രാജൻ, കലാമണ്ഡലം പ്രസന്നകുമാരി, കുടുക്കേൻ രാമൻ, കലാമണ്ഡലം രാധാമണി, കലാമണ്ഡലം ധനുഷ സന്യാൽ, കലാമണ്ഡലം ഹരീഷ്‌കുമാർ എന്നിവരും അർഹരായി. നവംബർ ഒമ്പതിന് കലാമണ്ഡലം കൂത്തമ്പലത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകും.