നായയുടെ കുരകേട്ട് നോക്കിയ നാട്ടുകാർ ജീവിയെ കണ്ടു, മ്ളാവുകളും കാട്ടുപോത്തുകളും പേടിച്ചോടി
Tuesday 20 January 2026 10:30 PM IST
കോന്നി: കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലെ തവളപ്പാറ വനമേഖലയോട് ചേർന്ന ഇരുപതേക്കറിൽ പുലിയെ കണ്ടതായി നാട്ടുകാർ. തിങ്കളാഴ്ച രാത്രി 12നാണ് പുലിയെത്തിയത് എന്നാണ് വിവരം. കാട്ടുപോത്തുകളും മ്ലാവുകളും ഓടുന്നത് കണ്ട് വനപാലകരും നാട്ടുകാരും പ്രദേശത്ത് പരിശോധന നടത്തിയിരുന്നു . ഇതിനിടയിൽ ഇരുപതേക്കർ മുരളി ഭവനത്തിൽ മോഹനന്റെ വീട്ടിലെ വളർത്തുനായയുടെ കുരകേട്ട് നോക്കിയപ്പോഴാണ് പുലി പട്ടിയെ കടിച്ചെടുത്ത് ഓടിപ്പോകുന്നത് കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് പുലർച്ചെ റബർ ടാപ്പിംഗിന് ഇറങ്ങിയവരും പുലിയെ കണ്ടതായി പറയുന്നു. കോന്നി ഗവ.മെഡിക്കൽ കോളേജിന് സമീപത്താണ് പ്രദേശം. അതേസമയം പുലിയുടെ കാൽപ്പാടുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പറഞ്ഞു.