വയനാട് ദുരന്തം:ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി
Wednesday 21 January 2026 12:46 AM IST
കൊച്ചി:വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വാസയോഗ്യമല്ലെന്നു കണ്ട് സർക്കാർ ഏറ്റെടുത്ത 'നോ ഗോ സോൺ" ഭൂമിക്ക് നഷ്ടപരിഹാരം നൽകണമെന്ന ദുരന്തബാധിതരുടെ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി.2024 ജൂലായ് 30നുണ്ടായ ദുരന്തത്തെ തുടർന്ന് മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകൾ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചിരുന്നു.തുടർന്ന് 'നോ ഗോ സോൺ' ആയി നിശ്ചയിച്ച് സർക്കാർ ഏറ്റെടുത്തു.ഈ ഭൂമിയിൽ ഒരു പ്രവർത്തനവും നടത്താൻ ഉടമകൾക്ക് സാധിക്കില്ല.2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം അർഹമായ നഷ്ടപരിഹാരം നൽകണമെന്നും,2007ലെ ദേശീയ പുനരധിവാസ നയം നടപ്പാക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.അഭിഭാഷക പി.ജമീല ഉൾപ്പെടെയുള്ളവരാണ് ഹർജിക്കാർ.