ട്രംപിന്റെ ഗ്രീൻലാൻഡ് പോരിൽ വിറച്ച് വിപണികൾ

Wednesday 21 January 2026 12:02 AM IST

ഓഹരികൾ മൂക്കുകുത്തി

കത്തിക്കയറി സ്വർണം, വെള്ളി വില

ക്രൂഡോയിൽ വില കുതിക്കുന്നു

ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതത്വമേറുന്നു

കൊച്ചി:: ഗ്രീൻലാൻഡിനെ ചൊല്ലി അമേരിക്കയും യുറോപ്യൻ രാജ്യങ്ങളുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ ആഗോള വിപണികളിൽ സമ്മർദ്ദമേറുന്നു. ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ ഇന്നലെ വിൽപ്പന സമ്മർദ്ദം നേരിട്ടു. സാമ്പത്തിക പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് വലിയ തോതിൽ പണമൊഴുകിയതോടെ വില ചരിത്രത്തിലാദ്യമായി ഔൺസിന്(31.1 ഗ്രാം) 4,730 ഡോളർ കവിഞ്ഞു. വെള്ളി വില ഔൺസിന് 100 ഡോളറിന് അടുത്തെത്തി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായി. അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ മൂല്യത്തിലും കനത്ത ഇടിവുണ്ടായി.

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 65 ഡോളറിലെത്തി. ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയിലെ സെൻസെക്സും നിഫ്‌റ്റിയും ഒരു ശതമാനം ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 91ന് തൊട്ടടുത്തെത്തി.

ഒരു പവൻ വാങ്ങാൻ 1.2 ലക്ഷം രൂപ മുടക്കണം

ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധവും ഡോളറിന്റെ ദൗർബല്യവും സ്വർണ വിലയിൽ റെക്കാഡ് കുതിപ്പുണ്ടാക്കി. ഇന്നലെ ഗ്രാമിന് 325 രൂപയും പവന് 2,600 രൂപയുമാണ് വർദ്ധിച്ചത്. രാവിലെ 720 രൂപയും പിന്നീട് 800 രൂപയും വൈകിട്ട് 1,600 രൂപയും പവന് വില കൂടി.എന്നാൽ വൈകിട്ട് പവൻ വില 560 രൂപ കുറച്ച് 1,09,840 രൂപയായി പുനർനിശ്ചയിച്ചു. ചരിത്രത്തിലാദ്യമായാണ് ഒരു ദിവസം വിലയിൽ ഇത്രയേറെ മാറ്റമുണ്ടാകുന്നത്. നിലവിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജി.എസ്.ടിയും സെസുമടക്കം 1.2 ലക്ഷം രൂപയ്ക്ക് അടുത്താകും.

തകർന്നടിഞ്ഞ് ഓഹരി വിപണി

വ്യാപാര യുദ്ധ ആശങ്കയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും പ്രധാന ഓഹരി സൂചികളിൽ കനത്ത നഷ്‌ടമുണ്ടാക്കി. വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്സ് 1,066 പോയിന്റ് നഷ്‌ടത്തോടെ 82,010.58ൽ എത്തി. നിഫ്റ്റി 353 പോയിന്റ് ഇടിഞ്ഞ് 25,232.50ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം ഓഹരി വിലയും മൂക്കുകുത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് ഓഹരികൾ തകർച്ച നേരിട്ടത്.

നിക്ഷേപകർക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്

1. എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ട്രംപ് പ്രഖ്യാപിച്ച ഗ്രീൻലാൻഡ് തീരുവ

2. ഒക്‌ടോബർ-നവംബർ ത്രൈമാസത്തിലെ കമ്പനികളുടെ ലാഭക്ഷമതയിലെ ഇടിവ്

3. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്ന് പണം പുറത്തേക്കൊഴുക്കുന്നു

4. ക്രൂഡ് വിലക്കുതിപ്പും രൂപയുടെ മൂല്യയിടിവും നാണയപ്പെരുപ്പ ഭീഷണി ഉയർത്തുന്നു

ഇന്നലെ ഓഹരി നിക്ഷേപകർക്കുണ്ടായ നഷ്‌ടം

9 ലക്ഷം കോടി രൂപ