ലാലേട്ടനെ കുപ്പിയിലിറക്കി, അമ്മയെ ബൾബിലാക്കി വിസ്മയമായി എം.ജി. നാരായണന്റെ കരവിരുത്

Wednesday 21 January 2026 12:05 AM IST

തൃശൂർ: 'കുപ്പിയിലിറങ്ങിയ മോഹൻലാൽ, ബൾബിൽ തെളിഞ്ഞ് അമ്മ ശാന്തകുമാരിയും". താണിക്കുടം മണ്ണപ്പിള്ളിൽ എം.ജി. നാരായണനൊരുക്കിയ വിസ്മയം കണ്ടപ്പോൾ വിടർന്ന കണ്ണുകളോടെ, പുരികമുയർത്തി മോഹൻലാൽ പറഞ്ഞു 'അമ്മ! എന്റെ അമ്മ...''. 'എന്നെയും കുപ്പിയിലാക്കീലേ" എന്ന കമന്റും. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സമാപന സമ്മേളനവേദിയിലായിരുന്നു വൈകാരിക നിമിഷങ്ങൾ. ഇതോടെ രണ്ടരവർഷമായുള്ള എം.ജി. നാരായണന്റെ കാത്തിരിപ്പും സഫലമായി.

നാരായണൻ കുപ്പിയിലൊരുക്കയ വിസ്മയങ്ങളുടെ വീഡിയോ എടുത്ത് സുഹൃത്തിന്റെ സഹായത്തോടെ മോഹൻലാലിന്റെ മാനേജർക്ക് അയച്ചിരുന്നു. ഇതുകണ്ടയുടൻ ഏറ്റുവാങ്ങാമെന്ന് മോഹൻലാൽ സമ്മതിക്കുകയായിരുന്നു. ഒന്നേകാൽ സെന്റിമീറ്റർ വലിപ്പമുള്ള 16 ചെറു മരക്കഷണങ്ങൾ ഒട്ടിച്ച് ഒട്ടിച്ചുചേർത്താണ് മോഹൻലാലിന്റെ ചിത്രമൊരുക്കിയത്. പിന്നീട് വെള്ളത്തിലിട്ട് കഷണങ്ങൾ പൊളിച്ചെടുത്തു. ഇത് വീണ്ടും ചെറുതാക്കി 24 എണ്ണമാക്കി മുനയുള്ള കുടക്കമ്പികൊണ്ട് കുത്തിയെടുത്ത് ചില്ലുകുപ്പിയിൽ വീഴ്‌ത്തി വീണ്ടും മുഖവും തലയുമെല്ലാം സൃഷ്ടിച്ചു. മൂന്ന് മാസമെടുത്തായിരുന്നു നിർമ്മാണം. രണ്ട് ലിറ്ററിന്റെ കുപ്പിയാണ് ഉപയോഗിച്ചത്. കൊത്തുപണിക്ക് ഉപയോഗിക്കുന്ന കനക്കുറവുള്ള കുമിഴ് മരത്തിന്റെ കഷണങ്ങളിലായിരുന്നു നിർമ്മാണം. മരക്കഷണങ്ങൾ ഒട്ടിക്കുമ്പോൾ കുറച്ച് പശയേ ചേർക്കൂ. പെട്ടെന്ന് വിട്ടുകിട്ടാനാണിത്.

 അമ്മയുടെ ചിത്രം മുട്ടത്തോടിൽ

മുട്ടത്തോട് നാലു കഷണങ്ങളാക്കി അക്രിലിക് പെയിന്റടിച്ചാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ ചിത്രം വരച്ചത്. ഇത് വേർപെടുത്തി ബൾബിലാക്കി വീണ്ടും ഒട്ടിച്ചു. മരം കൊണ്ട് നിർമ്മിച്ച ചെടിയിൽ അത് സ്ഥാപിച്ചു. ആരോഗ്യവകുപ്പിൽ നഴ്‌സിംഗ് അസിസ്റ്റന്റായിരുന്നു എം.ജി. നാരായണൻ. സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു ആദ്യഗുരു. മരിച്ചവരുടെ പോർട്രെയിറ്റുകൾ വരച്ച് ശ്രദ്ധേയനായി. നിരവധി ചുവർചിത്രങ്ങളും വരച്ചു. താണിക്കുടം ഭഗവതിയുടെ ഓയിൽ പെയിന്റിംഗ് ശ്രദ്ധേയമായി. ഭാര്യ: രാജേശ്വരി. മക്കൾ: ശ്രീജിത്ത്, സജീഷ്. സഹോദരൻ പൊന്നപ്പനും ചിത്ര-ശില്പ കലാകാരനാണ്.

ലാൽ സാറിന് ശില്പം സമ്മാനിക്കാനായത് ജീവിതത്തിലെ മഹാഭാഗ്യം. രണ്ടര വർഷമായുള്ള മോഹമാണ് സഫലമായത്.

എം.ജി. നാരായണൻ