തൃശൂർ കോൺഗ്രസിൽ 'വരത്തന്മാർ'ക്കെതിരെ പോസ്റ്റർ പോര്

Wednesday 21 January 2026 12:08 AM IST

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥി നിർണയം ആരംഭിച്ചിട്ടില്ലെങ്കിലും കോൺഗ്രസിലെ സ്ഥാനാർത്ഥി മോഹികൾ പോസ്റ്റർ പോരാട്ടവുമായി കളത്തിൽ. വരത്തന്മാർ വേണ്ടെന്നെഴുതിയ സേവ് കോൺഗ്രസിന്റെ പേരിലുള്ള പോസ്റ്ററുകളാണ് പ്രചരിക്കുന്നത്.

ഒല്ലൂർ മണ്ഡലത്തിൽ മത്സരിക്കാൻ സാദ്ധ്യതയുള്ളയാളെ വെട്ടാനാണ് നീക്കം. പോസ്റ്റർ പ്രചാരണം വഴി മണ്ഡലം തങ്ങൾക്കനുകൂലമാക്കാനുള്ള ശ്രമമാണ് പിന്നിലെന്ന് പറയുന്നു. കഴിഞ്ഞതവണ മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരാണ് മത്സരിച്ചത്.രണ്ടാം തവണയും വിജയിച്ച മന്ത്രി കെ.രാജനോടാണ് പരാജയപ്പെട്ടത്. രണ്ടു തവണ മത്സരിച്ചതിനാൽ കെ.രാജനെ ഇത്തവണ മാറ്റുമെന്ന പ്രതീക്ഷയിലാണ് പോസ്റ്റർ പ്രചാരണം. സി.പി.ഐയിൽ

മൂന്നാം ടേം നിബന്ധന കർശനമാക്കിയില്ലെങ്കിൽ കെ.രാജൻ തന്നെ മത്സരിച്ചേക്കും.

കോൺഗ്രസിൽ അഡ്വ.ഷാജി കോടങ്കണ്ടത്തിന്റെ പേരാണ് കേൾക്കുന്നത്. മണ്ഡലം കേന്ദ്രീകരിച്ചാണ് ഷാജിയുടെ പ്രവർത്തനങ്ങൾ. പാർട്ടിയിലെ വലിയൊരു വിഭാഗത്തിനും ഷാജിയെ മത്സരിപ്പിക്കാനാണ് താല്പര്യം. അവിടെ മത്സരിക്കാൻ ആഗ്രഹിക്കുന്ന മറ്റ്

ചിലരാണ് പോസ്റ്റർ പ്രചാരണത്തിന് പിന്നിൽ.