'കണക്ട് ടു വർക്ക്' പദ്ധതിക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: പഠനം പൂർത്തിയാക്കി തൊഴിലന്വേഷിക്കുന്ന യുവതി- യുവാക്കൾക്ക് കൈത്താങ്ങാകുന്ന 'മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്" പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മളനത്തിൽ അറിയിച്ചു.വിദ്യാഭ്യാസത്തിനുശേഷം മത്സരപ്പരീക്ഷകൾക്കോ, നൈപുണ്യ പരിശീലനത്തിനോ തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ അനുഭവിക്കുന്ന സാമ്പത്തികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.അർഹരായ ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപ വീതം ഒരു വർഷത്തേക്ക് ധനസഹായം ലഭിക്കും.പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം എന്നിവ പാസായ, 18 മുതൽ 30 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയായിരിക്കണം.നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിന്റെ പോർട്ടലായ eemployment.kerala.gov.in വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.