മുംബയ്‌യെ വീഴ്‌ത്തി ഡൽഹി വനിതകൾ
മുംബയ് : വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ ഏഴുവിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപ്പിറ്റൽസ്.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 154 റൺസടിച്ചു. ഡൽഹി 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.ക്യാപ്ടൻ ജെമീമ റോഡ്രിഗസ് (51*), ലിസ്‌ലീ ലീ (46), ഷെഫാലി വെർമ്മ (29) എന്നിവരുടെ ബാറ്റിംഗാണ് ഡൽഹിക്ക് വിജയം നൽകിയത്. സീസണിലെ ഡൽഹിയുടെ രണ്ടാമത്തെ വിജയമാണിത്.
ഓപ്പണേഴ്സായി ഇറങ്ങിയ സജന സജീവനും (9) ഹെയ്‌ലി മാത്യൂസും (12) പുറത്തായശേഷം നാറ്റ്ഷിവർ ബ്രണ്ടും (65 നോട്ടൗട്ട്) ക്യാപ്ടൻ ഹർമാൻ പ്രീത് കൗറും (41) മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 78 റൺസാണ് മുംബയ്‌ക്ക് കരുത്തായത്. 45 പന്തുകൾ നേരിട്ട നാറ്റ്ഷിവർ ബ്രണ്ട് ആറുഫോറുകളും രണ്ട് സിക്സുകളും പായിച്ചു.33 പന്തുകൾ നേരിട്ട ഹർമൻപ്രീത് കൗർ ഏഴ് ബൗണ്ടറികൾ കണ്ടെത്തി.
ഡൽഹിക്ക് വേണ്ടി ശ്രീചരണി നാലോവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.