ലെനിനോർമ്മകൾ നിറയുന്ന സ്റ്റാമ്പുകളുമായി സജീവൻ
കൊച്ചി: 102-ാം ചരമദിനദിനത്തിൽ ലെനിന്റെ ഓർമ്മകളെ വ്യത്യസ്തമായി ഒപ്പം ചേർത്തൊരാളുണ്ട്. കണ്ണൂരിന്റെ വിപ്ലവ മണ്ണായ ഏഴോം സ്വദേശി സി.കെ. സജീവൻ. 39 രാജ്യങ്ങൾ പുറത്തിറക്കിയ വ്യത്യസ്തതകളേറെയുള്ള ലെനിൻ സ്റ്റാമ്പുകളുടെ വലിയ ശേഖരമാണ് സജീവന്റെ പക്കലുള്ളത്. ലെനിന്റെ പേരിൽ പുറത്തിറങ്ങിയ ആദ്യ സ്റ്റാമ്പുമുതൽ സജീവന്റെ പക്കലുണ്ട്. ലെനിൻ മരിച്ച് ആറാം ദിനം (1924 ജനുവരി 27) സോവിയറ്റ് യൂണിയൻ പുറത്തിറക്കിയ സ്റ്റാമ്പാണ് ഏറെ പ്രത്യേകതയുള്ളത്.
ലെനിനോർമ്മകളിൽ 67 രാജ്യങ്ങൾ പുറത്തിറക്കിയ സ്റ്റാമ്പുകളിൽ 39 ഇടങ്ങിലെ 600ലേറെ സ്റ്റാമ്പുകളാണ് സജീവന്റെ പക്കലുള്ളത്. ലെനിന്റെ ഒൻപത് വയസുമുതൽ മരണം വരെയുള്ള ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന സ്റ്റാമ്പുകളിൽ റഷ്യയ്ക്ക് പുറമേ ഇന്ത്യ, ക്യൂബ, ചെക്കോസ്ലൊവാക്യ, ജർമ്മനി, പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളുടെ അപൂർവ്വങ്ങളായ ലെനിൻ സ്റ്റാമ്പുകളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ഒരു റൂബിൾ മുതൽ 1,000റൂബിൾ വരെ വിലയുള്ള സ്റ്റാമ്പുകളും സജീവന്റെ കൈവശമുണ്ട്.
ഇന്ത്യ, അഫ്ഗാൻ രാജ്യങ്ങളിറക്കിയ സ്റ്റാമ്പുകളും ലെനിന്റെ ശവകുടീരം, ഓഫീസ്, മ്യൂസിയം, ചിത്രങ്ങളുള്ള സ്റ്റാമ്പുകളും ശേഖരത്തെ വ്യത്യസ്തമാക്കുന്നു. 50കാരനായ ലെനിൻ 34 വർഷമായി ഫിലാറ്റലി രംഗത്തുണ്ട്. ലെനിൻ തീം ചെയ്യാൻ തുടങ്ങിയിട്ട് നാല് വർഷം. ഇതിനോടകം 400ലേറെ എക്‌സിബിഷനുകളും ഇദ്ദേഹം നടത്തിയിട്ടുണ്ട്.
എൽ.ഐ.സി പയ്യന്നൂർ ബ്രാഞ്ചിലെ ഏജന്റായിരുന്ന സജീവൻ സി.പി.എം ഏഴോം വെസ്റ്റ് ലോക്കലിലെ സി.ആർ.സി ബ്രാഞ്ച് സെക്രട്ടറിയാണ്. സ്റ്റാമ്പുകൾക്ക് പുറമേ നാണയങ്ങളുടെയും കറൻസികളുടെയും ശേഖരവും ഇദ്ദേഹത്തിന്റെ പക്കലുണ്ട്.