റവന്യൂ ഓഫീസുകളിൽ എസ്.ഐ.ആർ തിരക്ക്
കൊച്ചി: ജോലിഭാരം, തിരഞ്ഞെടുപ്പ് ഡ്യൂട്ടി, ഇപ്പോൾ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം... ജില്ലയിലെ താലൂക്ക് ഓഫീസുകൾ അടിമുടി താളം തെറ്റി. വലയുന്നത് അത്യാവശ്യ റവന്യൂ സർട്ടിഫിക്കറ്റുകൾക്കും മറ്റുമായി താലൂക്ക്, വില്ലേജ് ഓഫീസുകളിലെത്തുന്ന പതിനായിരങ്ങൾ. ഇത് അവസരമായെടുത്ത് മുങ്ങുന്ന ഒരു വിഭാഗം ജീവനക്കാരുടെ വിക്രിയകളും കൂടിയായപ്പോൾ ഒന്നും നടക്കാത്ത സ്ഥിതിയായി.
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം കാരണം താലൂക്ക് ഓഫീസുകളിൽ തഹസിൽദാർമാരില്ല. തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പിന്നാലെ എത്തിയ എസ്.ഐ.ആർ പരിഷ്കരണം ജീവനക്കാർക്കും ജനങ്ങൾക്കും പാരയായി. തഹസിൽദാർക്കും ഡെപ്യൂട്ടി തഹസിൽദാർമാർക്കുമാണ് വില്ലേജ് ഓഫീസുകളിൽ നടക്കുന്ന എസ്.ഐ.ആർ ഹിയറിംഗ് ചുമതല. ഇതോടെ വില്ലേജ് ഓഫീസിലും റവന്യൂ കാര്യങ്ങൾ അവതാളത്തിലാണ്.
കുടുംബ സ്വത്ത് വീതം വയ്ക്കൽ, ഭൂമി വില്പന തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കുടുംബാംഗങ്ങൾ ഒത്തുചേരേണ്ടതുണ്ട്. അവധിയെടുത്തും വിദേശത്തു നിന്നും ദൂര സ്ഥലങ്ങളിൽ നിന്നുമടക്കം എത്തിയവർ റവന്യു അധികൃതരുടെ സമയമില്ലായ്മയ്ക്ക് മുന്നിൽ കഷ്ടപ്പെടുകയാണ്. ഉദ്യോഗസ്ഥരാകട്ടെ അത്യാവശ്യ സർട്ടിഫിക്കറ്റുകൾ തേടിയെത്തുന്നവർക്ക് മുന്നിൽ കൈമലർത്തുന്നു.
ഭരണ കാലാവധി അവസാനിക്കാൻ നാളുകൾ മാത്രം ബാക്കി നിൽക്കെ പട്ടയവിതരണമടക്കം പൂർത്തിയാക്കിയ രേഖകൾ നൽകാൻ കഴിയാതെ വരുന്നതോടെ ജനപ്രതിനിധികൾ നൽകുന്ന ജോലി സമ്മർദ്ദം കൂടിയായതോടെ പലരും കടുത്ത മാനസിക ബുദ്ധിമുട്ടിലാണ്.
സേവനങ്ങൾ തത്കാലം ഇല്ല!
ജനുവരി 4ന് തുടങ്ങിയ ഹിയറിംഗ് ഫെബ്രുവരി 10നാണ് സമാപിക്കുക. ഉദ്യോഗസ്ഥർ താലൂക്ക് ഓഫീസിലെത്താതെ ഹിയറിംഗിന് നേരിട്ട് പോകും. പട്ടയങ്ങൾ, ലാൻഡ് അക്വിസിഷനുകൾ, വിവിധ സർട്ടിഫിക്കറ്റുകളുടെ വിതരണം, സർവെ തുടങ്ങി ഓഫീസ് ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർമാരെല്ലാം ഹിയറിംഗ് തിരക്കിലാണ്. താലൂക്കിലെ ക്ലർക്കുമാർക്ക് ഇവരെ സഹായിക്കേണ്ട ചുമതല കൂടി നൽകിയതോടെ താലൂക്ക് ഓഫീസുകൾ അക്ഷരാർത്ഥത്തിൽ സ്തംഭിച്ചെന്ന് പറയാം.
വില്ലേജിലെ ഡ്യൂട്ടി നേരത്തേ കഴിഞ്ഞാലും താലൂക്ക് ഓഫീസിലേക്ക് തിരിച്ചു വരാതെ മുങ്ങുന്നവരും നിരവധിയുണ്ട്. പല വില്ലേജ് ഓഫീസുകളിലും ഹിയറിംഗ് പൂർത്തിയായെങ്കിലും അടുത്ത 10 വരെയുള്ള സമയം മുതലാക്കി താലൂക്ക് ഓഫീസിനെ മറന്നവരുമുണ്ട്. തിരഞ്ഞെടുപ്പിനൊപ്പം അപ്രതീക്ഷിതമായി എത്തിയ എസ്.ഐ.ആർ, ഉദ്യോഗസ്ഥരുടെ നടുവൊടിച്ചെന്നാണ് ഇവരുടെ വാദം.