സൈന, സൈനിംഗ് ഓഫ്
വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബാഡ്മിന്റൺ നക്ഷത്രം സൈന നെഹ്‌വാൾ
ന്യൂഡൽഹി : ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ കളിക്കാരിയായി ഇനി കോർട്ടിലേക്കില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കടുത്ത കാൽമുട്ടുവേദനയും മറ്റ്ശാരീരിക പ്രശ്നങ്ങളും കാരണം രണ്ടുവർഷത്തോളമായി കോർട്ടിൽ നിന്ന് വിട്ടുനിൽക്കുന്ന സൈന കഴിഞ്ഞദിവസം ഒരു അഭിമുഖത്തിലാണ് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് അറിയിച്ചത്. 2023ൽ സിംഗപ്പൂർ ഓപ്പണിലാണ് സൈന അവസാനമായി കളിച്ചത്.
പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യൻ വനിതാ ബാഡ്മിന്റണിലെ വജ്രനക്ഷത്രമായി ഉദിച്ചുയർന്ന സൈന ഒളിമ്പിക്സുകളിലും കോമൺവെൽത്ത് ഗെയിംസുകളിലും ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ വിവിധ ടൂർണമെന്റുകളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. വനിതാ ബാഡ്മിന്റണിന് ഇന്ത്യയിൽ ആരാധകരെ സൃഷ്ടിച്ചതും സൈനയാണ്. ആദ്യമായി ലോകറാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യക്കാരിയും സൈനയാണ്. 2008ൽ ലോക ജൂനിയർ ചാമ്പ്യനായ സൈന ബെയ്ജിംഗ് ഒളിമ്പിക്സിൽ ലോകതാരങ്ങളെ ഞെട്ടിച്ചുകൊണ്ട് ക്വാർട്ടർ ഫൈനൽ വരെയെത്തി പൊരുതിവീണു. നാലുവർഷത്തിന് ശേഷം ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടി ചരിത്രമെഴുതി. നിരവധി സൂപ്പർ സിരീസ് ഓപ്പണുകളിൽ വെന്നിക്കൊടിപാറിച്ചു. 2009ൽ ഇന്തോനേഷ്യൻ ഓപ്പൺ നേടി ബി.ഡബ്ളിയു.എഫ് സൂപ്പർ സിരീസ് ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ വനിതയായി. വർഷങ്ങളോളം ഇന്ത്യൻ വനിതാ ബാഡ്മിന്റണിന്റെ മുഖമായിരുന്ന സൈന പിന്നീട് പി.വി സിന്ധുവിന്റെ വരവോടെയാണ് പിന്നിലേക്ക് പോയത്.
2016-ലെ റിയോ ഒളിമ്പിക്സിനിടെ ഉണ്ടായ പരിക്കാണ് സൈനയുടെ കരിയറിൽ വലിയ ആഘാതമായത്. 2017-ൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2018-ൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി താരം ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. എങ്കിലും മുട്ടിലെ അസുഖം വീണ്ടും വീണ്ടും വേട്ടയാടിയതോടെ കളി തുടരുക എന്നത് അസാധ്യമായി മാറി.തന്റെ മുട്ടിലെ തരുണാസ്ഥി (കാർട്ടിലേജ്) പൂർണ്ണമായും നശിച്ചുവെന്നും തനിക്ക് ആർത്രൈറ്റിസ് (വാതം) ബാധിച്ചുവെന്നും സൈന വെളിപ്പെടുത്തിയിരുന്നു. മുമ്പ് ദിവസം എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ കഠിനമായി പരിശീലിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒന്നോ രണ്ടോ മണിക്കൂർ പരിശീലിക്കുമ്പോഴേക്കും മുട്ട് വീർക്കുകയും പിന്നീട് പരിശീലനം തുടരാൻ പറ്റാത്ത അവസ്ഥയാവുകയും ചെയ്യുന്നു എന്ന് 35കാരിയായ താരം പറഞ്ഞു. ഇതോടെയാണ് കോർട്ടിൽനിന്ന് മാറിനിൽക്കേണ്ടിവന്നത്.
ഹരിയാനയിലെ ഹിസാറിൽ 1990ലാണ് സൈനയുടെ ജനനം. കാർഷിക സർവകലാശാലയിൽ റിസർച്ചറായിരുന്ന പിതാവിന് ഹൈദരാബാദിലേക്ക് സ്ഥലംമാറ്റം ലഭിച്ചതാണ് സൈനയുടെ ജീവിതത്തിലും വഴിത്തിരിവായത്. ബാഡ്മിന്റണിൽ അവളുടെ പ്രതിഭകണ്ടറിഞ്ഞ പിതാവ് പുല്ലേല ഗോപിചന്ദിന്റെ അക്കാഡമിയിൽ ചേർത്തു. ഗോപിചന്ദാണ് സൈനയെ ലോകതാരമാക്കി മാറ്റിയത്. പിന്നീട് ഗോപിചന്ദുമായി പിരിഞ്ഞ് പ്രകാശ് പദുക്കോണിനും യു. വിമൽകുമാറിനും വിദേശ കോച്ചുമാർക്കുമൊപ്പം സൈന വളർച്ചയുടെ പടവുകൾ കയറി.ഗോപിചന്ദിന്റെ അക്കാഡമിക്കാലം മുതൽ തന്റെ സുഹൃത്തായിരുന്ന ബാഡ്മിന്റൺ താരം പി.കശ്യപുമായി 2018ൽ വിവാഹിതയായി. കഴിഞ്ഞ വർഷം ജൂലായ്‌യിൽ ഇരുവരും വേർപിരിയലിന്റെ വക്കോളമെത്തിയെങ്കിലും ഡിസംബറിൽ വീണ്ടും ഒരുമിക്കുകയാണെന്ന് വാർത്തകൾ വന്നു.
രാജ്യം ഖേൽരത്ന, അർജുന, പത്മഭൂഷൺ, പത്മശ്രീ പുരസ്കാരങ്ങൾ നൽകി ആദരിച്ച കായികതാരമാണ് സൈന.
സൈനയുടെ മെഡലുകൾ
ഒളിമ്പിക്സ്
2016 (വെങ്കലം)
ലോക ചാമ്പ്യൻഷിപ്പ്
2015 - വെള്ളി
2017- വെങ്കലം
കോമൺവെൽത്ത് ഗെയിംസ്
2006 (മിക്സഡ് ടീം വെങ്കലം)
2010 (സിംഗിൾസ് സ്വർണം)
2010 (മിക്സഡ് ടീം വെള്ളി)
2018 (സിംഗിൾസ് സ്വർണം)
2018 (മിക്സഡ് ടീം സ്വർണം)
ഏഷ്യൻ ഗെയിംസ്
2014 - വെങ്കലം (വനിതാടീം)
2018 - വെങ്കലം (സിംഗിൾസ്)
ഉൗബർ കപ്പ്
2014 - വെങ്കലം
20 6 - വെങ്കലം
ഏഷ്യൻ ഗെയിംസ്
2010 - വെങ്കലം
2016 - വെങ്കലം
2018 - വെങ്കലം
ലോക ജൂനിയർ ചാമ്പ്യൻഷിപ്പ്
2006 - വെള്ളി
2008 - സ്വർണം
കോമൺവെൽത്ത് യൂത്ത് ഗെയിംസ്
2004 - വെങ്കലം
2008 - സ്വർണം
1
ബി.ഡബ്ളിയു. എഫ് ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായത് 2015ൽ
3
ഒളിമ്പിക്സുകളിൽ (2008,2012,2016) സൈന ഇന്ത്യയെ പ്രതിനിധീകരിച്ചു. 2008ൽ ക്വാർട്ടറിൽ പുറത്തായി. 2012ൽ വെങ്കലം. 2016ൽ ഗ്രൂപ്പ് റൗണ്ടിൽ പുറത്തായി.
24
അന്താരാഷ്ട്ര ബാഡ്മിന്റൺ ടൂർണമെന്റുകളിൽ സൈന കിരീടം നേടി. ഇതിൽ 10 എണ്ണം സൂപ്പർ സിരീസ് ടൂർണമെന്റുകളായിരുന്നു.
457
മത്സരങ്ങളിലാണ് കരിയറിൽ സൈന വിജയിച്ചത്. 446 സിംഗിൾസ് മത്സരങ്ങളും ഒൻപത് ഡബിൾസും രണ്ട് മിക്സഡ് ഡബിൾസും ഇതിൽ ഉൾപ്പെടുന്നു.
അവാർഡുകൾ
2008- ബി.ഡബ്ളിയു.എഫ് മോസ്റ്റ് പ്രോമിസിംഗ് പ്ളേയർ
2009 - അർജുന അവാർഡ്
2010- രാജീവ് ഗാന്ധി ഖേൽരത്ന
2010- പത്മശ്രീ
2016- പത്മഭൂഷൺ
സൈനയുടെ ബി.ഡബ്ളിയു.എഫ് കിരീടങ്ങൾ
- ഇന്തോനേഷ്യ ഓപ്പൺ (2009, 2010, 2012)
- സിംഗപ്പോർ ഓപ്പൺ (2010)
- ഹോംഗ് കോംഗ് ഓപ്പൺ (2010)
- ചെെന ഓപ്പൺ (2014)
- ഇന്ത്യ ഓപ്പൺ (2010, 2015)
- സ്വിസ് ഓപ്പൺ (2011, 2012)
- ചൈനീസ് തായ്‌പേയ് ഓപ്പൺ (2008)
- ഇന്ത്യ ഗ്രാൻപ്രീ (2009)
- തായ്‌ലാൻഡ് ഓപ്പൺ (2012)