ബംഗ്ളാദേശിന്റെ കാര്യം ഇന്നറിയാം

Wednesday 21 January 2026 2:17 AM IST

ബംഗ്ളാദേശ് പോയാൽ സ്കോട്ട്‌ലാൻഡിനെ കളിപ്പിക്കും

ദുബായ് : ഇന്ത്യയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം അറിയിക്കാൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡിന് നൽകിയ സമയം ഇന്നവസാനിക്കും. മുസ്താഫിസുർ റഹ്മാനെ ഐ.പി.എല്ലിൽ നിന്ന് ഒഴിവാക്കിയതിന്റെ പേരിൽ ഇന്ത്യയിലേക്ക് തങ്ങളുടെ ടീമിനെ അയയ്ക്കില്ലെന്ന നിലപാടിലാണ് ബംഗ്ളാദേശ്. ഇത് നടക്കില്ലെന്ന് ഇത്രയും ദിവസമായി നടന്ന ചർച്ചകളിൽ ഐ.സി.സി നിലപാട് സ്വീകരിച്ചിരുന്നു.

സുരക്ഷാകാരണങ്ങളാൽ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബി.സി.ബിയുടെ ആവശ്യം ആദ്യമേ ഐ.സി.സി തള്ളിയിരുന്നു. ഇന്ത്യയിൽ ഒരു ടീമിനും സുരക്ഷാപ്രശ്നങ്ങൾ ഇല്ലെന്ന് ഐ.സി.സി അറിയിച്ചതോടെ തങ്ങളെ ഇപ്പോഴത്തെ ഗ്രൂപ്പിൽ നിന്ന് മാറ്റി ലങ്കയിൽ എല്ലാ മത്സരങ്ങളും നടക്കുന്ന ഗ്രൂപ്പിലേക്ക് മാറ്റണമെന്ന് ബി.സി.ബി ആവശ്യപ്പെട്ടു. സാങ്കേതികകാരണങ്ങളാൽ അതും നടക്കില്ലെന്ന് ഐ.സി.സി അറിയിച്ചു. ഇതോടെ പാക് ക്രിക്കറ്റ് ബോർഡിനെ കൂട്ടുപിടിച്ച് ഐ.സി.സിയെ സമ്മർദ്ദത്തിലാക്കാൻ ബി.സി.ബി ശ്രമിച്ചെങ്കിലും പാളിപ്പോയി. തങ്ങൾ ലോകകപ്പ് ബഹിഷ്കരിക്കാനില്ലെന്ന് പാക് ബോർഡ് വ്യക്തമാക്കുകയായിരുന്നു.

അതേസമയം ബി.സി.ബി ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ അവരെ ഒഴിവാക്കി പകരം റാങ്കിംഗ് പ്രകാരമുള്ള അടുത്ത ടീമായ സ്കോട്ട്‌ലാൻഡിനെ കളിപ്പിക്കാനാണ് ഐ.സി.സി നീക്കം. 2009ൽ ഇംഗ്ലണ്ടിൽ നടന്ന ട്വന്റി-20 ലോകകപ്പിൽനിന്ന് രാഷ്ട്രീയ കാരണങ്ങളാൽ സിംബാബ്‍വെ പിന്മാറിയപ്പോൾ പകരക്കാരായി സ്കോട്ട്ലാൻഡ് കളിച്ചിരുന്നു.

ഇതോടെ എന്തുതീരുമാനമെടുക്കുമെന്നറിയാതെ സമ്മർദ്ദത്തിലാണ് ബംഗ്ളാ ക്രിക്കറ്റ് ബോർഡ്. ബംഗ്ളാദേശിലെ കളിക്കാർക്കും ബോർഡിലെ ഭൂരിപക്ഷത്തിനും ഇന്ത്യയിൽ കളിക്കണമെന്നുതന്നെയാണ് അഭിപ്രായം. എന്നാൽ ബംഗ്ളാദേശ് സർക്കാർ ഇതിന് വിരുദ്ധ നിലപാട് സ്വീകരിക്കുന്നതാണ് പ്രശ്നം സങ്കീർണമാക്കുന്നത്.