ബസില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല, അകത്തേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കോഴിക്കോട് സ്വദേശി ദീപക്ക് ബസില്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പയ്യന്നൂരില്‍ അല്‍ അമീന്‍ എന്ന ബസിലാണ് ദീപക് കയറിയത്. ഡ്രൈവറുടെ ക്യാബിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങളിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. മുന്‍ വാതിലിലൂടെ ബസില്‍ പ്രവേശിച്ച ദീപക്ക് പിന്നിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭ്യമായിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല.
രാമന്തളിയില്‍നിന്ന് പയ്യന്നൂരിലേക്കു വരികയായിരുന്ന ബസില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ന് ദീപക് കയറുന്ന ദൃശ്യമാണ് പുറത്തുവന്നത്. ബസിനുള്ളില്‍ പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ വീഡിയോ വൈറലായതിന് ശേഷമാണ് തങ്ങള്‍ ഇക്കാര്യം അറിഞ്ഞതെന്നാണ് ബസിലെ ജീവനക്കാര്‍ പറയുന്നത്. ജീവനക്കാരുടേയും മറ്റ് യാത്രക്കാരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിയെന്നാണ് വിവരം.
വീഡിയോ പോസ്റ്റ് ചെയ്ത യുവതി തങ്ങളോട് ഒരു പരാതിയും പറഞ്ഞില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. വെള്ളിയാഴ്ച ഈ ബസിലെ യാത്രയ്ക്കിടയിലാണ് ദീപക് അപമര്യാദയായി പെരുമാറിയെന്നു കാട്ടി യാത്രക്കാരിയായ ഷിംജിത വിഡിയോ പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബസ് ഉടമ തങ്ങളോട് കാര്യം പറയുമ്പോഴാണ് ഇങ്ങനെ ഒരു കാര്യം അറിഞ്ഞതെന്നും ജീവനക്കാര്‍ പറയുന്നു.
വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഷിംജിതയ്‌ക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കഴിഞ്ഞ ദിവസം എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.