ബ്ളാസ്റ്റേഴ്സിന്റെ കളി ഇനി കോഴിക്കോട്ട്

Tuesday 20 January 2026 11:24 PM IST

ഈ സീസണിൽ കേരള ബ്ളാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായി കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം

തിരുവനന്തപുരം : ഫുട്ബാൾ കമ്പക്കാരുടെ സ്വന്തം കോഴിക്കോട്ടേക്ക് ഇതാ ഐ.എസ്.എൽ മത്സരങ്ങളുമെത്തുന്നു. അടുത്തമാസം 14ന് തുടങ്ങുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാവുക കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയമാണ്. ഇതു സംബന്ധിച്ച് ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റും കേരള ഫുട്ബാൾ അസോസിയേഷനും തമ്മിൽ ധാരണയായി. ഫെബ്രുവരി അവസാനവാരമായിരിക്കും കോഴിക്കോട്ടെ ആദ്യ മത്സരം. ഏഴ് കളികളാവും ഈ സീസണിലുള്ളത്.

ബ്ളാസ്റ്റേഴ്സിന്റെ സ്ഥിരം ഹോംഗ്രൗണ്ടായ കൊച്ചി കലൂർ സ്റ്റേഡിയം മെസിയുടെ വരവിനായി പൊളിച്ചിട്ടത് ഇനിയും പഴയപടിയാകാത്തതും കോഴിക്കോട്ട് കളികാണാൻ ആളെ കിട്ടുമെന്നതുമാണ് ക്ളബിനെ തട്ടകം മാറാൻ പ്രേരിപ്പിച്ചത്. മലപ്പുറം മഞ്ചേരി സ്റ്റേഡിയത്തെയും ഹോം ഗ്രൗണ്ടായി പരിഗണിച്ചിരുന്നെങ്കിലും മെച്ചപ്പെട്ട സൗകര്യങ്ങൾ കോഴിക്കോടിന് അനുകൂലഘടകമായി. കഴിഞ്ഞ സൂപ്പർലീഗ് കേരള സീസണിൽ മലപ്പുറം –കോഴിക്കോട് മത്സരം കാണാൻ 34,000 പേർ ഗാലറിയിലെത്തിയത് ചരിത്രമായിരുന്നു.

അതേസമയം കഴിഞ്ഞമാസം സൂപ്പർ ക്രോസ് ഇന്ത്യ ബൈക്ക് റേസിങ് ലീഗ് നടത്താനായി കോഴിക്കോട് സ്റ്റേഡിയം കുത്തിപ്പൊളിച്ചിരുന്നു. അടുത്തമാസം പകുതിയോടെ ഇത് പൂർവസ്ഥിതിയിലാക്കി മത്സരം നടത്താൻ കൈമാറും. ഐ ലീഗിൽ ഗോകുലം കേരള യുടെയും സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്.സിയുടെയും കൂടി ഹോം ഗ്രൗണ്ടാണ് കോർപ്പറേഷൻ സ്റ്റേഡിയം. കേരള ഫുട്ബാൾ അസോസിയേഷനാണ് നിലവിൽ പരിപാലിക്കുന്നത്.