ജമാഅത്തെ വേദിയിൽ മന്ത്രി അബ്ദു റഹ്മാനും ദലീമ എം.എൽ.എയും

Wednesday 21 January 2026 12:55 AM IST

തിരുവനന്തപുരം: 'വർഗീയ ധ്രുവീകരണ' പ്രയോഗത്തിലൂടെ മന്ത്രി സജിചെറിയാൻ വിവാദം സൃഷ്ടിച്ചതിന് പിന്നാലെ , .ജമാഅത്തെ ഇസ്ലാമിയുടെ മലപ്പുറത്തെ പരിപാടിയിൽ മന്ത്രി വി.അബ്ദുറഹ്മാനും അരൂരിലെ പരിപാടിയിൽ ദലീമ എം.എൽ.എയും പങ്കെടുത്തത്

സി.പി.എമ്മിനെ വെട്ടിലാക്കി..

മന്ത്രി സജി ചെറിയാന്റെ നിലപാടിനോട് യോജിപ്പില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പരസ്യ പ്രതികരണം നടത്തുമ്പോഴാണ് മന്ത്രിയും എം.എൽ.എയും പാർട്ടിയെ കുഴിയിൽ ചാടിച്ചത്. ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും വർഗീയത ആപത്കരമെന്ന അഭിപ്രായം നേതാക്കൾ ആവർത്തിക്കുന്നതിനിടെ, വർഗീയ ശക്തിയെന്നു സി.പി.എം ആരോപിക്കുന്ന സംഘടനയുടെ വേദി ഇരുവരും പങ്കിട്ടത് അണികളിൽ ആശയക്കുഴപ്പമുണ്ടാക്കി.ജമാ അത്തെ ഇസ്ലാമി ബന്ധത്തിന്റെ പേരിൽ യു.ഡി.എഫിനെയും കോൺഗ്രസിനെയും തുടർച്ചയായി സി.പി.എം പ്രതിക്കൂട്ടിൽ നിറുത്തുന്നതിനിടെയാണിത്.

എന്നാൽ തനിക്കെതിരായ ആരോപണം ദലീമ നിഷേധിച്ചു. അരൂക്കുറ്റി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കനിവ് എന്ന പാലീയേറ്റിവ് സംഘടനയുടെ കിടപ്പുരോഗികളെ ചികിത്സിക്കുന്ന ഹോം കെയർ ആവശ്യങ്ങൾക്കായുള്ള ആംബുലൻസിന്റെ ഫ്ളാഗ് ഓഫിനാണ് തന്നെ ക്ഷണിച്ചത്.മണ്ഡലത്തിലെ പാലീയേറ്റീവ് – ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കേണ്ടതും അത്തരം വേദികളിൽ പങ്കെടുക്കേണ്ടതും ജനപ്രതിനിധിയെന്ന നിലയിലുള്ള ഉത്തരവാദിത്വമാണെന്നായിരുന്നു വിശദീകരണം.മലപ്പുറം താനൂരിൽ ജമാഅത്തെ ഇസ്ലാമിയുടെ ചാരിറ്റി പദ്ധതിയായ ബൈത്തുസ്സകാത്ത് കേരള കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചത്. ജമാഅത്തെയുടെ പ്രധാന നേതാക്കൾക്കൊപ്പമാണ് അദ്ദേഹം വേദി പങ്കിട്ടത്..ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതെയും ഒരു പോലെ എതിർക്കണമെന്ന് വേദിയിൽ മന്ത്രി പ്രസംഗിക്കുകയും ചെയ്തു. ചാരിറ്റിയെന്ന നിലയിൽ പങ്കെടുത്തതാണെന്നാണ് മന്ത്രിയുടെ വിശദീകരണം.