കൊലപാതക ശ്രമം, പ്രതി​ക്ക് കഠി​ന തടവ്

Thursday 22 January 2026 1:36 PM IST

കൊല്ലം: യുവാവിനെ വെട്ടുകത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് എട്ട് വർഷവും ഒരു മാസവും കഠി​നതടവും 25,000 രൂപ പി​ഴയും. കടയ്ക്കൽ കുമ്മിൾ പാങ്ങലുകാട് പുള്ളിപ്പച്ച ലക്ഷംവീട് കോളനിയിൽ മധുവിനെയാണ് (സ്വാമി-51) കൊട്ടാരക്കര അസി.സെഷൻസ് കോടതി ജഡ്ജ് എ. ഷാനവാസ് ശിക്ഷിച്ചത്. സുഹൃത്തായ അനൂപിനെയാണ് (25) ആക്രമിച്ചത്. 2019 ഒക്ടോബർ 6ന് രാത്രി 8.30ന് പുള്ളിപ്പച്ചയിലായിരുന്നു ആക്രണം. ബൈക്കിൽ വന്ന അനൂപിനെ തടഞ്ഞുനിറുത്തി പിടിച്ചിറക്കിയ ശേഷം വെട്ടുകയായിരുന്നു. കടയ്ക്കൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. 15 സാക്ഷികളെ വിസ്തരിച്ചു. 341 ഐ.പി.സി പ്രകാരം ഒരു മാസം തടവ്, 500 രൂപ പിഴ, 307 വകുപ്പ് പ്രകാരം 8 വർഷം കഠിന തടവ്, 25,000 രൂപ പിഴ എന്നി​ങ്ങനെയാണ്ണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി വെളിയം കെ.ഷാജി കോടതിയിൽ ഹാജരായി.