പഠി​താക്കൾക്ക് വീടൊരുക്കാൻ ശ്രീനാരായണ ഗുരു ഓപ്പൺ​ യൂണി​.

Thursday 22 January 2026 1:38 PM IST

കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 'ഒപ്പം' ഭവന നിർമ്മാണ പദ്ധതി പ്രകാരം, 14 പഠിതാക്കൾക്ക് ഈ വർഷം വീട് നിർമ്മിച്ച് നൽകും. 2024ൽ 15 പഠിതാക്കൾക്ക് വീടു നൽകിയി​രുന്നു. വിവിധ കാരണങ്ങളാൽ സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതികളിൽ ഉൾപ്പെടാൻ കഴിയാത്തവരാകും ഗുണഭോക്താക്കൾ.

രണ്ട് കിടപ്പ് മുറികളും ഹാളും അടുക്കളയും ടൊയ്ലറ്റുമടങ്ങുന്ന, 500 ചതുരശ്ര അടി വിസ്തീർണമുള്ള 8 ലക്ഷം രൂപവീതം ചെലവുവരുന്ന വീടുകളുടെ താക്കോൽദാനം നിർവഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതേ രീതിയി​ലാണ് വീണ്ടും പദ്ധതി നടപ്പാക്കുക. ഒരു ജില്ലയ്ക്ക് ഒരു വീട് എന്നതാണ് ലക്ഷ്യം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും പഠനത്തിൽ മികവു പുലർത്തുന്നവരും ഭവന രഹിതരുമായ പഠിതാക്കൾ പദ്ധതി​യുടെ ഗുണഭോക്താക്കളാവും. താമസ യോഗ്യമായ വീടില്ലെന്ന പഞ്ചായത്ത് അധികൃതരുടെ സർട്ടിഫിക്കറ്റ് ഉൾപ്പെടെയാണ് അപേക്ഷ നൽകേണ്ടത്. തുടർന്ന് മോണിറ്ററിംഗ് സമിതി അപേക്ഷകരുടെ വാസ ഇടങ്ങൾ സന്ദർശിക്കും. ജനപ്രതിനിധികൾ അടക്കമുള്ളവരുമായി ആശയ വിനിമയം നടത്തും. അർഹത മാനദണ്ഡങ്ങൾ പൂർണമായും ഉള്ളവർക്കാണ് വീട് നൽകുക. ഗുണഭോക്താക്കൾക്ക് നേരിട്ട് നിർമ്മാണ ജോലികൾ നടത്താവുന്ന തരത്തിലാണ് കഴിഞ്ഞ തവണ വീടുകൾ നൽകിയത്. ഇതിൽ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് യൂണിവേഴ്സിറ്റി പരിശോധിക്കും.

അപേക്ഷ ക്ഷണിച്ചു

അതത് പഠനകേന്ദ്രങ്ങളിലാണ് ഗുണഭോക്താക്കൾ അപേക്ഷ നൽകേണ്ടത്. മതിയായ രേഖകൾ ഉള്ളടക്കം ചെയ്യണം. ഈ മാസം 30ന് മുൻപായി യൂണിവേഴ്സിറ്റി ആസ്ഥാനത്ത് രജിസ്റ്റേർഡ് തപാൽ വഴി അതത് എൽ.എസ്.സികളിൽ നിന്ന് എത്തിക്കണം. അപേക്ഷകളുടെ മാതൃകയും അനുബന്ധ രേഖകളുടെ വിവരങ്ങളും പഠനകേന്ദ്രങ്ങളിൽ നൽകിയിട്ടുണ്ട്.