പ്രതി​ഷേധത്തി​നി​ടെ 'മൃതദേഹ'ത്തിന് ജീവൻ!

Wednesday 21 January 2026 12:43 AM IST

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതീകാത്മക 'മൃതദേഹ'വുമായി ബി.ജെ.പിയുടെ പ്രതിഷേധം. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ മുരടിച്ചെന്ന് ആരോപി​ച്ചായി​രുന്നു സമരം. മോർച്ചറി സംവിധാനങ്ങൾ തകരാറിലാണ്. കെട്ടിട നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചു. ഡയാലിസിസ് യൂണിറ്റ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചു. ഈ വിഷയങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട് ബി.ജെ.പി ആശുപത്രിയിലേക്ക് സമരം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. മോർച്ചറിക്ക് മുന്നിൽ പായ വിരിച്ച് 'മൃതദേഹം' കിടത്തി ഒരു വീട്ടമ്മ കരഞ്ഞുകൊണ്ട് ഇരിക്കുന്നിടത്തേക്കാണ് പ്രതിഷേധക്കാരെത്തിയത്. ശരിക്കും മൃതദേഹമാണ് കിടത്തിയിരിക്കുന്നതെന്നാണ് കണ്ടുനിന്നവരും പൊലീസും കരുതിയത്. പ്രതിഷേധ യോഗം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര ഉദ്ഘാടനം ചെയ്തു. തുടർന്ന് മണ്ഡലം ട്രഷറർ അരുൺ കാടാംകുളം പ്രസംഗിക്കവെയാണ് മൃതദേഹത്തിന് അനക്കം ഉണ്ടായത്. തുടർന്ന് ശരീരം മൂടിയിരുന്ന മുണ്ട് മാറ്റി പ്രവർത്തകരിലൊരാൾ പതിയെ എഴുന്നേറ്റപ്പോഴാണ് പൊലീസുകാർക്കും കാഴ്ചക്കാർക്കും അബദ്ധം മനസിലായത്.