ശബരിമല സ്വർണക്കൊള്ള: പിടിമുറുക്കി ഇ.ഡി,​ സന്നിധാനത്ത് എസ്.ഐ.ടി

Wednesday 21 January 2026 1:48 AM IST

കൊച്ചി/ശബരിമല: തിരുവിതാംകൂർ ദേവസ്വം ആസ്ഥാന ഓഫീസിലടക്കം 21 കേന്ദ്രങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി ഇ.ഡിയും സന്നിധാനത്തെ സ്ട്രോംഗ് റൂം തുറന്ന് പരിശോധിച്ച് എസ്.ഐ.ടിയും തത്സമയം ഇടപെട്ടതോടെ ശബരിമല സ്വർണക്കൊള്ളക്കേസ് കൂടുതൽ നിർണായകമായി. പണമിടപാടുകൾ സംബന്ധിച്ച ഡിജിറ്റൽ തെളിവുകളും രേഖകളുമടക്കം ഇ.ഡി പിടിച്ചെടുത്തു. 2019 മുതൽ 2025വരെ നടന്ന ക്രമക്കേടുകളിൽ പ്രാഥമികാന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കാനും തെളിവുകൾ പിടിച്ചെടുക്കാനുമായിരുന്നു ഇ.ഡിയുടെ മിന്നൽ റെയ്ഡ്.

സന്നിധാനത്തും പ്രതികളുടെ വീടുകളിലും ചെന്നൈയിലും ബെല്ലാരിയിലുമടക്കമായിരുന്നു 'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ' എന്ന പേരിട്ട പരിശോധന. ഇന്നലെ പുലർച്ചെ ആരംഭിച്ച റെയ്ഡ് ചിലയിടങ്ങളിൽ രാത്രി വൈകിയും തുടരുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റി പുതിയ വാതിൽ സ്പോൺസർ ചെയ്തപ്പോൾ വിജയ് മല്യ സമർപ്പിച്ച സ്വർണം പൊതിഞ്ഞ പഴയവാതിലും കട്ടിളയും സന്നിധാനത്തെ സ്ട്രോംഗ് റൂമിലേക്ക് മാറ്റിയിരുന്നു. ഇതിന്റെ തൂക്കമടക്കം നോക്കാനായിരുന്നു രാത്രിയോളം നീണ്ട എസ്.ഐ.ടി പരിശോധന. സാമ്പിളുകൾ ശേഖരിച്ചു. പഴയ കൊടിമരത്തിലുണ്ടായിരുന്ന ദ്വാരപാലക ശില്പങ്ങൾ സ്ട്രോംഗ് റൂമിലുണ്ടോയെന്നും പരിശോധിച്ചു. ഉദ്യോഗസ്ഥരെയടക്കം സന്നിധാനത്തുനിന്ന് പുറത്താക്കിയായിരുന്നു പരിശോധന.

പ്രതികൾക്ക് കേരളത്തിനകത്തും പുറത്തുമുള്ള ബന്ധങ്ങൾ, നടത്തിയ സാമ്പത്തിക ഇടപാടുകൾ, സൗഹൃദങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചുവെന്ന് ഇ.ഡി സൂചിപ്പിച്ചു. സന്നിധാനത്തെ ദേവസ്വം ഓഫീസുകൾ, ദേവസ്വം ബോർഡ് ആസ്ഥാനം, പോറ്റിയുടെ തിരുവനന്തപുരത്തെ വീട്, ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്, മുരാരി ബാബുവിന്റെ ചങ്ങനാശേരിയിലെ വീട്, ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസുവിന്റെ തിരുവനന്തപുരത്തെ വീട്, ചെന്നൈ സ്‌മാർട്ട് ക്രിയേഷൻസിന്റെ ഉടമ പങ്കജ് ഭണ്ഡാരിയുടെ ഓഫീസ്, വീട്, കർണാടക ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധന്റെ വീട് തുടങ്ങിയ ഇടങ്ങളിലായിരുന്നു റെയ്ഡ്.

പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ, പണമിടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളിലും പരിശോധനകൾ നടത്തി. ശബരിമലയിൽ ദേവസ്വം ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരുന്നു ഇ.ഡി പരിശോധന. സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാടാണ് ഇ.ഡി മുഖ്യമായും അന്വേഷിക്കുന്നത്.

അറസ്റ്റിലേക്ക് കടക്കാൻ നീക്കം

1.സ്വർണപ്പാളികൾ കടത്തിയതിലുൾപ്പെടെ ദേവസ്വം ബോർഡിലെ ഉന്നതരുടെ ഒത്താശ ലഭിച്ചുവെന്നാണ് ഇ.ഡി വിലയിരുത്തൽ

2.പിടിച്ചെടുത്ത രേഖകൾ വിശകലനം ചെയ്ത് പ്രതികളെ ചോദ്യം ചെയ്തും. തുടർന്ന് അറസ്റ്റിലേക്ക് കടക്കും. എസ്.ഐ.ടി പ്രതികളാക്കിയവരെല്ലാം ഇ.ഡി കേസിലും പ്രതികളാണ്.

 പുതിയ കേസുകൾ, 10 പ്രതികൾ?

സ്വർണക്കൊള്ളയിൽ നിലവിലെ രണ്ട് കേസുകൾക്ക് പുറമെ ഒന്നിലേറെ കേസുകളുണ്ടാവുമെന്ന് എസ്.ഐ.ടി. ശ്രീകോവിലിലെ വാതിൽ, കൊടിമരം എന്നിവയിലെ സ്വർണം കൊള്ളയടിച്ചതിനാവും കേസുകളെന്നാണ് അറിയുന്നത്. 10 പ്രതികളുണ്ടാവും. അടുത്തയാഴ്ചയോടെ കേസുകൾ രജിസ്റ്റർ ചെയ്യും. ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും അന്നത്തെ ഭരണസമിതിയംഗങ്ങളുമടക്കം കുടുങ്ങുമെന്നാണ് സൂചന. സന്നിധാനത്തെ സ്ട്രോംഗ് റൂമിലെ പരിശോധനയിലെ കണ്ടെത്തലുകളെ ആശ്രയിച്ച് കേസുകളുടെ എണ്ണം കൂടാനുമിടയുണ്ട്. തെളിവെടുപ്പടക്കം പൂർത്തിയായതിനാൽ അറസ്റ്റിലായ പ്രതികളിൽ ഗുരുതര കുറ്റങ്ങൾ ചെയ്യാത്തവരുടെ ജാമ്യത്തെ എസ്.ഐ.ടി എതിർക്കില്ല. പാളികളുടെ ശാസ്ത്രീയ പരിശോധന നടത്തിയ വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. തുടർന്നാകും കൂടുതൽ അറസ്റ്റുകളിലേക്ക് കടക്കുക.

പെ​യി​ന്റ​ടി​ച്ച​ ​നി​ല​യിൽ അ​ഷ്ട​ദി​ക് ​പാ​ല​കർ ​വി​ജ​യ്‌​‌​മ​ല്യ​ ​സ്വ​ർ​ണം​ ​പൊ​തി​ഞ്ഞ,​ ​സ​ന്നി​ധാ​ന​ത്തെ​ ​സ്‌​ട്രോം​ഗ് ​റൂ​മി​ൽ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ ​ക​ട്ടി​ള​ക​ൾ​ ​എ​സ്.​ഐ.​ടി​ ​തൂ​ക്കി​ ​നോ​ക്കി.​ ​ക​ട്ടി​ള​പ്പ​ടി​ക്ക് 38​ഉം​ ​ക​ട്ടി​ള​യ്ക്ക് 64​ ​കി​ലോ​യും​ ​തൂ​ക്ക​മു​ണ്ട്. ​സ്‌​ട്രോം​ഗ് ​റൂ​മി​ലെ​ ​പ​ഴ​യ​ ​ഉ​രു​പ്പ​ടി​ക​ളും​ ​പ​രി​ശോ​ധി​ച്ചു.​ ​പ​ഴ​യ​ ​കൊ​ടി​മ​ര​ത്തി​ലെ​ ​അ​ഷ്ട​ദി​ക് ​പാ​ല​ക​രെ​ ​പെ​യി​ന്റ​ടി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ടു​ത്തു.​ ​പു​തി​യ​ ​സ്വ​ർ​ണ​ ​കൊ​ടി​മ​ര​ത്തി​ന്റെ​ ​ചു​റ്റ​ള​വും​ ​പ​രി​ശോ​ധി​ച്ചു. ​സോ​പാ​ന​ത്തെ​ ​വ്യാ​ളി​രൂ​പം​ ​ഇ​ള​ക്കി​യെ​ടു​ക്കാ​തെ​ ​പ​രി​ശോ​ധി​ക്കും.​ ​ഇ​ന്ന​ലെ​യെ​ത്തി​യ​ ​എ​സ്.​ഐ.​ടി​യു​ടെ​ 10​ ​അം​ഗം​ ​ഇ​ന്ന് ​മ​ട​ങ്ങും.​ ​പു​തി​യ​ ​സം​ഘം​ ​ഇ​ന്ന് ​പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തും