കൊച്ചിയിൽ നിന്ന് മോഷണം പോയ വിദേശ മലയാളിയുടെ കാർ മലപ്പുറത്ത് കണ്ടെത്തി
* തുമ്പായത് മോഷ്ടാവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്
കൊച്ചി: ഒരു കൊല്ലം മുമ്പ് കൊച്ചിയിൽ നിന്ന് മോഷണം പോയ പ്രവാസിമലയാളിയുടെ ബി.എം.ഡബ്ല്യു കാർ മലപ്പുറത്തെ വർക്ക്ഷോപ്പിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കാറിന്റെ നിറം മാറ്റിയും നമ്പർ പ്ലേറ്റ് തിരുത്തിയും മറിച്ചു വിൽപ്പനയ്‌ക്ക് ശ്രമിക്കുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്.
ആലപ്പുഴ മുഹമ്മ സ്വദേശിയായ അമേരിക്കൻ മലയാളിയുടെ കാറാണ് എറണാകുളം നോർത്ത് ഭഗീരഥ ബിൽഡേഴ്സ് വളപ്പിൽ നിന്ന് കടത്തിയത്. മാസങ്ങൾക്ക് മുമ്പ് നടന്ന മോഷണം 2025 മാർച്ചിൽ പ്രവാസി നാട്ടിലെത്തിയപ്പോഴാണ് അറിഞ്ഞത്. സി.സി ടിവി ദൃശ്യങ്ങളും ഫോൺ വിളികളും പിന്തുടർന്നുള്ള നോർത്ത് പൊലീസിന്റെ അന്വേഷണത്തിൽ കാർ കടത്തിക്കൊണ്ടു പോയ കോഴിക്കോട് മുക്കം മാനാശേരിയിൽ അമീർ മുഹമ്മദ് ഷിബിലി (23) പിടിയിലായിരുന്നു.
കാർ കണ്ടെത്താൻ സാധിക്കാത്തതിനാൽ കഴിഞ്ഞ ആഗസ്റ്റിൽ ഇയാൾ ജാമ്യത്തിൽ ഇറങ്ങി. ഇങ്ങനെയൊരു കാർ ഇല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. നോർത്ത് എസ്.എച്ച്.ഒ ജിജിൻ ജോസഫ്, എസ്.ഐമാരായ റെജി, ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചുള്ള അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്.
പ്രതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ച പൊലീസ് മാസങ്ങൾക്ക് മുമ്പ് ഒരു ബി.എം.ഡബ്ല്യു കാർ വിൽപ്പനയ്‌ക്കുണ്ടെന്ന് കാറിന്റെ ചിത്രം സഹിതം നൽകിയ പോസ്റ്റ് കണ്ടെത്തി. മോഷണം പോയ കാറിന്റെ നിറം മാറ്റി കർണാടക രജിസ്ട്രേഷൻ നമ്പരിലാണ് പോസ്റ്റ് ചെയ്തത്. കാർ വാങ്ങാനെന്ന വ്യാജേന പൊലീസ് നടത്തിയ നീക്കത്തിലാണ് കൊണ്ടോട്ടിയിൽ നിന്ന് കണ്ടെടുത്ത് നോർത്ത് സ്റ്റേഷൻ വളപ്പിലേക്ക് മാറ്റിയത്.
സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിബിൻ, അജിലേഷ്, റിനു, ഗിരീഷ്, ഉണ്ണികൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. കാർ കണ്ടെടുത്ത സാഹചര്യത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ കോടതിയെ സമീപിക്കുമെന്ന് പൊലീസ് അറിയിച്ചു.