വന്നത് കൂളായി,തമാശ പറഞ്ഞ് മടക്കം
തിരുവനന്തപുരം: വളരെ കൂളായാണ് ഗവർണർ ആർ.വി. ആർലേക്കർ നിയമസഭയിലെത്തിയത്. പതിവ് തെറ്റിച്ച് അഞ്ച് മിനിറ്റ് വൈകിയെത്തിയ ഗവർണറെ നിയമസഭാ കവാടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ,സ്പീക്കർ എ.എൻ.ഷംസീർ,നിയമസഭാ സെക്രട്ടറി എൻ.കൃഷ്ണകുമാർ,പാർലമെന്ററികാര്യമന്ത്രി എം.ബി.രാജേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ചീഫ് സെക്രട്ടറി വിദേശപര്യടനത്തിലായതിനാൽ അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഗവർണറെ സ്വീകരിക്കാനെത്തിയത്.
ചെറുപുഞ്ചിരിയോടെ സഭയെ അഭിവാദ്യം ചെയ്ത് 1.49മിനിറ്റ് നീണ്ട നയപ്രഖ്യാപന പ്രസംഗം തട്ടും തടയുമില്ലാതെയാണ് വായിച്ചത്. തൊഴിലുറപ്പിലും വായ്പാ വെട്ടിക്കുറച്ചതിലും കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗങ്ങൾ പോലും ഗവർണർ വായിച്ചു. ആകെ ചില സ്ഥലങ്ങളുടെ പേരുപറഞ്ഞപ്പോൾ മാത്രമാണ് തപ്പലുണ്ടായത്. ചില വാചകങ്ങൾ ഗവർണർ തിരുത്തിയെന്നത് ആർക്കും മനസിലായില്ല.ഉപസംഹാരമായപ്പോൾ സഭയിൽ പലരും ഉറക്കമാണെന്നും വായിച്ചുതീരാറായെന്നും അദ്ദേഹം തമാശയും പറഞ്ഞു.ചടങ്ങ് പൂർത്തിയാക്കിയ ഗവർണറെ വാഹനത്തിൽ കയറുന്നത് വരെ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രി എം.ബി.രാജേഷും അനുഗമിച്ചു. മടങ്ങിയെത്തിയ ശേഷമാണ് സഭയെ ഞെട്ടിച്ചുകൊണ്ട് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ തിരുത്തലുകൾ വരുത്തി വായിച്ച കഥ സഭ അറിയുന്നത്.ഇത് ശരിയായില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് പ്രതിപക്ഷവും യോജിച്ചു.