യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ 18കാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി
പറവൂർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ കൊല്ലം കൊട്ടാരക്കര സ്വദേശിയായ 18കാരിയെ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷപ്പെടുത്തി.
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ചാവക്കാട് സ്വദേശിയായ യുവാവിനൊപ്പം ഗോതുരുത്ത് പളളിപ്പടിയിൽ അസ്വാഭാവികമായി പെൺകുട്ടിയെ കണ്ട നാട്ടുകാർ ഇടപെടുകയായിരുന്നു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവ് കൂടെയിറങ്ങിവരാൻ നിർബന്ധിച്ചെന്നും ഇല്ലെങ്കിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറഞ്ഞു. യുവാവിനെ ആദ്യമായാണ് നേരിട്ട് കാണുന്നതെന്നും പറഞ്ഞു. യുവാവിന്റെ അമ്മയുടെ ഗോതുരുത്തിലെ വീട് പൂട്ടികിടക്കുകയാണെന്നും ഇവിടെ താമസിക്കാമെന്നും പറഞ്ഞാണ് പെൺകുട്ടിയെ എത്തിച്ചത്.
ചേന്ദമംഗലം പഞ്ചായത്ത് അംഗം ഗ്ളീറ്റർ സംസാരിച്ചപ്പോൾ പൊലീസിനെ അറിയിക്കരുതെന്നും ചാവക്കാട്ടേക്ക് പൊയ്‌ക്കൊള്ളാമെന്നും ഇരുവരും പറഞ്ഞു. ബസ് സ്റ്റോപ്പിൽ ആക്കാമെന്നു പറഞ്ഞ് രണ്ട് ബൈക്കുകളിൽ ഇവരെ കയറ്രി തന്ത്രപൂർവം വടക്കേക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചു. യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്തതിനാൽ ഇന്നലെ രാവിലെ കൊട്ടാരക്കര പൊലീസ് എത്തി രണ്ട് പേരേയും കൊണ്ടുപോയി.