സജി ചെറിയാന്റെ പ്രസ്താവന ശരി; തന്ത്രിയുടെ അറസ്റ്റിൽ ബി.ജെ.പി നിലപാട് വിചിത്രം: മന്ത്രി വി. ശിവൻകുട്ടി

Wednesday 21 January 2026 1:08 AM IST

തിരുവനന്തപുരം: മലപ്പുറവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്റെ വിവാദമായ പ്രസ്താവനയെ പിന്തുണച്ച് മന്ത്രി വി. ശിവൻകുട്ടി. സജി ചെറിയാൻ പറഞ്ഞത് ശരിയായ കാര്യമാണെന്നും ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സജി ചെറിയാൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ വളച്ചൊടിച്ചാണ് വാർത്തകൾ വന്നത്. ഏതൊരു വർഗീയതയും ഒരുപോലെ ചെറുക്കപ്പെടണമെന്ന പൊതുനിലപാടാണ് മന്ത്രി പങ്കുവച്ചതെന്നും ശിവൻകുട്ടി പറഞ്ഞു.

ശബരിമലയിലെ ഇ.ഡി. പരിശോധനയിൽ 'ഉപ്പ് തിന്നവർ വെള്ളം കുടിക്കും" എന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തവർ ആരായാലും നിയമത്തിന് മുന്നിൽ വരണമെന്നും ഭക്തജനങ്ങൾ ഒരിക്കലും ഇത്തരമൊരു സംഭവം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല തന്ത്രിയുടെ അറസ്റ്റ് ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. തന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത് ബി.ജെ.പി നേതാക്കളാണ്. ഇതിനുമുമ്പും പല പാർട്ടിയിലുള്ളവർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അന്നൊന്നും ആരും അവരുടെ വീട് സന്ദർശിക്കാൻ പോയിട്ടില്ല. ബി.ജെ.പിയുടെ നടപടി വിചിത്രമാണ്. വിഷയത്തിൽ പ്രതികരിക്കാൻ പോലും കോൺഗ്രസ് തയ്യാറായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.